കൊച്ചി > കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്റെ പ്രാരംഭ ഘട്ടമായതിനാൽ ജാമ്യം അനുവദിക്കാനാവില്ലന്ന് വ്യക്തമാക്കിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി അപേക്ഷ തള്ളിയത്. അർജുന്റെ അപേക്ഷയെ കംസ്റ്റംസ് ശക്തിയായി എതിർത്തു. സ്വണക്കടത്തിലെ പ്രധാന കണ്ണി അർജുനാണന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അർജുന്റെ ഭാര്യയുടേതുൾപ്പെടെ മൊഴികൾ മുദ്രവച്ച കവറിൽ കംസ്റ്റംസ് കോടതിക്ക് കൈമാറിയിരുന്നു. അതേസമയം കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. അജ്മലിന്റെ ജാമ്യാപേക്ഷയെ കംസ്റ്റംസ് എതിർത്തില്ല. മുഖ്യപ്രതി മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖിന്കഴിഞ്ഞ 10ന് ജാമ്യം ലഭിച്ചിരുന്നു. ഷെഫീഖിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോഴും കസ്റ്റംസ് എതിർത്തിരുന്നില്ല. . ഇരുവരുടെയും ചോദ്യം ചെയ്യൽ പൂർത്തീകരിച്ചന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ചുവെന്നുമായിരുന്നു കസ്റ്റംസിന്റെ കോതിയിലെ നിലപാട്.
കഴിഞ്ഞ മാസം 21ന് പുലർച്ചെയാണ് ദുബായിൽനിന്ന് 2.33 കിലോ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മുഹമ്മദ് ഷെഫീഖ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാൾ നൽകിയ മൊഴിയെ തുടർന്നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് കേസിൽ ഉൾപ്പെടുത്തി 28ന് അറസ്റ്റ് ചെയ്തത്. അർജുൻ ഇപ്പോൾ കാക്കനാട് ജയിലിലാണ്.