കേരളത്തിൽ ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ വരെ ദിവസവും ഉപയോഗിക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്സിൻ ഇന്നും നാളെയും കൊണ്ട് തീരും. വാക്സിൻ എത്തിയാൽ എത്രയും വേഗം കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്. കുറഞ്ഞ തോതിൽ വാക്സിൻ എത്തുന്നതിനാൽ ആവശ്യമായ സ്ലോട്ടുകൾ നൽകാൻ കഴിയുന്നില്ല. രണ്ട് ദിവസം കൊണ്ട് ലഭ്യമാകുന്ന വാക്സിൻ തീരുന്നതിനാലാണ് കൂടുതൽ വാക്സിൻ ഒരുമിച്ച് തരണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പത്ത് ലക്ഷം ഡോഡ് കൊവിഡ് വാക്സിൻ സംസ്ഥാനം ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നത് യാഥാര്‍ത്ഥ്യമല്ല. മികച്ച രീതിയിലാണ് സംസ്ഥാനം കൊവിഡ് വാക്സിനേഷനുമായി മുന്നോട്ട് പോകുന്നത്. ഒരു തുള്ളി പോലും പാഴാക്കാതെ ലഭിച്ച ഡോസിനേക്കാൾ ഉപയോഗിച്ച സംസ്ഥാനമാണിത്. സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്സിന്‍ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് നൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടിയതായി ഹൈബി ഈഡൻ എംപിയാണ് പറഞ്ഞത്. വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഹൈബി ഈഡൻ വ്യക്തമാക്കി. ടി എൻ പ്രതാപൻ എംപിയോടൊപ്പമാണ് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയതെന്ന് ഹൈബി ഈഡൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.