Tokyo Olympics 2020: വിശ്വ കായിക മാമാങ്കത്തിന് ഇന്ന് തുടക്കാമാവുകയാണ്. എന്നാല്‍ ഇത്തവണ ആഘോഷങ്ങള്‍ക്ക് പകരം കോവിഡ് സ്ഥാനം പിടിച്ചപ്പോള്‍ പലതിലും വിട്ടു വീഴ്ചകളും നിബന്ധനകളും വന്നിരിക്കുകയാണ്. ബയോ ബബിളിന്റെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കാണികളുടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ് ജാപ്പനീസ് സര്‍ക്കാര്‍. താരങ്ങള്‍ അവരുടെ ഇനങ്ങളില്‍ പങ്കെടുക്കുക, മടങ്ങുക, വിജയാഘോഷങ്ങളില്ല. ഇതായിരിക്കും ഇത്തവണത്തെ ഒളിംപിക്സിന്റെ ചുരുക്കം !
മെഡല്‍ വിതരണമില്ല, സെല്‍ഫ് സര്‍വീസ്
മെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനദാനം കാലങ്ങളായി അതിഥികളാണ് ഒളിംപിക്സില്‍ നടത്താറുള്ളത്. താരങ്ങളെ മെഡല്‍ അണിയിക്കുന്നത് പല ഇതിഹാസങ്ങളുമായിരുന്നു.
ഇത്തവണ അടിമുടി മാറിയ ശൈലിയാണ്. ആര്‍പ്പ് വിളിക്കാന്‍ കാണികളില്ല. മെഡല്‍, ജേതാക്കള്‍ തന്നെ എടുത്തണിയണം. ഈ സമയത്ത് മാസ്ക് നിര്‍ബന്ധവുമാണ്. മറ്റ് താരങ്ങളുമായി ഹസ്തദാനം നടത്താനോ, ആസ്ലേഷിക്കാനോ അനുവാദമില്ല.
ലളിതമായ ഉദ്ഘാടന ചടങ്ങ്
ഉദ്ഘാടന പരിപാടിയില്‍ 4,000 കലാകാരന്മാരും, അത്ലീറ്റുകളും വിശിഷ്ടാതിഥികളുമായി 12,600 ഓളം പേരുമായിരുന്നു റിയോ ഒളിംപിക്സില്‍ മാരക്കാനയിലെ മൈതനാത്തുണ്ടായിരുന്നത്. ഇത്തവണ നേര്‍ വിപരീതമായിരിക്കും ചടങ്ങുകള്‍ എന്ന് സംഘാടകന്‍ മാര്‍ക്കോ ബാലിഷ് പറഞ്ഞു കഴിച്ചു.
പരേഡില്‍ ഓരോ രാജ്യങ്ങളേയും പ്രതിനിധീകരിച്ചുള്ള അത്ലീറ്റുകളുടെ എണ്ണവും ഇത്തവണ ചുരുങ്ങും. 376 താരങ്ങളുള്ള ഗ്രേറ്റ് ബ്രിട്ടന്റെ ടീമില്‍ നിന്നും 30 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. 127 താരങ്ങളുള്ള ഇന്ത്യന്‍ നിരയില്‍ നിന്നും 20 അത്ലീറ്റുകളും ആറ് ഒഫീഷ്യലുകളും മാത്രമായിരിക്കും പരേഡിന്റെ ഭാഗമാകുക.
ഭക്ഷണത്തിലും നിയന്ത്രണങ്ങള്‍
ഗെയിംസ് വില്ലേജിന്റെ പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ അത്ലീറ്റുകള്‍ക്ക് അനുവാദമില്ല. 3000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള കഫ്റ്റീരിയയാണ് വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്. പ്രതിദിനം 48,000 പേര്‍ക്കാണ് ഇവിടെ ഭക്ഷണം വിതരണം ചെയ്യുക.
പ്ലാസ്റ്റിക്ക് സ്കീനുകൊണ്ട് മറച്ച പ്രത്യേക ക്യാബിനില്‍ ഇരുന്നായിരിക്കും അത്ലീറ്റുകള്‍ ഭക്ഷണം കഴിക്കുക. കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും. ഭക്ഷണം കഴിച്ച ഉടനെ തന്നെ മടങ്ങണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
യാത്രകള്‍ക്കും നിബന്ധനകള്‍
മത്സരങ്ങള്‍ കാണാന്‍ ഒളിംപിക് വേദികളിലേക്ക് താരങ്ങള്‍ സ്വയം യാത്ര ചെയ്യാനുള്ള അനുവാദം ഇല്ല. അവരവരുടെ മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ ടോക്കിയോ വിടണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണിത്.
The post മത്സരം കഴിഞ്ഞാല്‍ ഉടന്‍ കളം വിടണം, മാസ്ക് നിര്‍ബന്ധം; ഒളിംപിക് സംഘാടക സമിതി സ്ട്രിക്റ്റാണ് appeared first on Indian Express Malayalam.