ന്യൂഡല്ഹി >രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ഏറ്റവും രൂക്ഷമായ കാലത്ത് ഓക്സിജന്ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രവാദം യാഥാര്ഥ്യത്തോടുള്ള പരിഹാസം. ഓക്സിജന് കിട്ടാതെ ഇക്കൊല്ലം മെയ് 27 വരെ 619 കോവിഡ് രോഗികളെങ്കിലും രാജ്യത്ത് മരിച്ചിട്ടുണ്ടെന്ന് വിവരശേഖരണ സന്നദ്ധസംഘടന ‘ഡാറ്റാമീറ്റ്’ റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. ഗോവയിലാണ് ഇത്തരം മരണം ഏറ്റവും കൂടുതല്–83. കേരളത്തില് ഇത്തരം ഒരു മരണവും നടന്നിട്ടില്ലെന്ന് റിപ്പോര്ട്ടില് പറഞ്ഞു. ആന്ധ്രപ്രദേശിലും മധ്യപ്രദേശിലും 65 പേര് വീതവും കര്ണാടകത്തില് 61 പേരും മരിച്ചു. ഡല്ഹിയിലും മഹാരാഷ്ട്രയിലും 59 പേര് വീതവും ഉത്തര്പ്രദേശില് 51 പേരും മരിച്ചു. തമിഴ്നാട്–48, ഹരിയാന–22, ജാര്ഖണ്ഡ്–21, ബിഹാര്–20 എന്നിങ്ങനെയാണ് കൂടുതല് മരണം നടന്ന മറ്റു സംസ്ഥാനങ്ങളിലെ എണ്ണം. രാജസ്ഥാനില് 12 പേരും പഞ്ചാബില് ആറുപേരും മരിച്ചു.
അക്കാലത്ത് ആവശ്യത്തിനു ഓക്സിജന് സിലിന്ഡര് കിട്ടാതെ ആശുപത്രി അധികൃതരും ഡോക്ടര്മാരും രോഗികളും ഉയര്ത്തിയ മുറവിളി ഓര്മയില്നിന്ന് മറഞ്ഞിട്ടില്ലെന്ന് ഓള് ഇന്ത്യ ഡ്രഗ് ആക്ഷന് നെറ്റ്വര്ക്ക് കണ്വീനര് മാലിനി ഐസോള പറഞ്ഞു. സര്ക്കാരിന്റെ മറുപടി ജനങ്ങള് നേരിട്ട ദുരനുഭവങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സാംക്രമിക രോഗ വിദഗ്ധന് ചന്ദ്രകാന്ത് ലഹരിയ പറഞ്ഞു. ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ് പവാര് രാജ്യസഭയില് നല്കിയ മറുപടിയിലാണ് ഓക്സിജന് ക്ഷാമത്തില് മരിച്ചവരുടെ വിവരങ്ങളില്ലെന്ന് പറഞ്ഞത്.
വടക്കുപടിഞ്ഞാറന് ഡല്ഹിയിലെ ജയ്പുര് ഗോള്ഡന് ആശുപത്രിയില് ഇക്കഴിഞ്ഞ ഏപ്രില് 23നു ഓക്സിജന് ലഭിക്കാതെ 20 കോവിഡ് രോഗികള് മരിച്ചു. വേണ്ടത്ര ഓക്സിജന് ലഭ്യമാക്കാന് സര്ക്കാരിനോട് നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര് ഡല്ഹി ഹൈക്കോടതിയെ സമീപിച്ചു. മെയ് രണ്ടിനു കര്ണാടകത്തിലെ ചാംരാജ്നഗര് ജില്ലആശുപതിയില് ഓക്സിജന് വിതരണം നിലച്ചതിനെ തുടര്ന്ന് 24 പേര് മരിച്ചു. ഓക്സിജന് കിട്ടാതെ ആശുപത്രികളില് രോഗികള് മരിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് ക്രിമിനല്കുറ്റമാണെന്നും വംശഹത്യക്ക് സമാനമാണെന്നും മെയ് നാലിനു അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. മെയ് 12നു ഡല്ഹി ബാത്ര ആശുപത്രിയില് ഓക്സിജന് കിട്ടാതെ 12 രോഗികള് മരിച്ചുവെന്ന് ആശുപത്രി അധികൃതര് സ്ഥിരീകരിച്ചു.