അനന്യയുടെ ശരീരത്തിൽ കഴുത്തിൽ കയര്‍ മുറുകയത് ഒഴികെ മറ്റു പരിക്കുകള്‍ ഇല്ലായിരുന്നെന്നാണ് പോലീസ് പറയുന്നത്. അനന്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെയും കണ്ടെത്തൽ. എന്നാൽ അനന്യയെ ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യം പോലീസ് വിശദമായി പരിശോധിക്കും.
Also Read:
ശസ്ത്രക്രിയ നടത്തിയ കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിൽ നിന്നുള്ള രേഖകള്‍ ഇതിനോടകം തന്നെ പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശഖമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പോലീസ് വിശദമായ അന്വേഷണം തുടങ്ങുക. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. അനന്യയെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാര്യങ്ങള്‍ കണ്ടെത്താൻ പോലീസ് സാമൂഹ്യനീതി വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയിൽ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എറണാകുളം ജില്ലാ പോലീസ് മേധാവിയും സാമഹ്യനീതിവകുപ്പ് റിപ്പോര്‍ട്ടും വിശദമായി അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കാണ് നിര്‍ദേശം നല്‍കിയത്.
Also Read:
അവയവമാറ്റ ശസ്ക്രക്രിയയ്ക്കു ശേഷം കടുത്ത വേദനയുമായി ജീവിക്കേണ്ടി വന്നതാണ് അനന്യയുടെ മരണത്തിനു പിന്നിലെ കാരമണെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകനായ യൂസഫ് അൻസാരി നല്‍കിയ പരാതിയിലാണ് നടപടി. ലിംഗമാറ്റ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കണമെന്നും ഇതിനു കൃത്യമായ ചട്ടം രൂപീകരിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശസ്ക്രക്രിയകള്‍ക്കായി സര്‍ക്കാര്‍ 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയും തുടര്‍ചികിത്സയ്ക്കായി 36000 രൂപയും നല്‍കുമ്പോഴും ചികിത്സാ നടപടികള്‍ സര്‍ക്കാര്‍ മേൽനോട്ടത്തിലാക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസമാണ് ട്രാൻസ് യുവതിയായ അനന്യ കുമാരി അലക്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ്ജെൻഡറായ അനന്യകുമാരി അലക്സ് ആദ്യ ട്രാൻസ്ജെൻഡര്‍ ആര്‍ജെയുമാണ്. ശസ്ത്രക്രിയ നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കാണിച്ച് അനന്യ ആശുപത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം. എന്നാൽ അനന്യയുടെ ആരോപണങ്ങള്‍ ആശുപത്രി നിഷേധിച്ചിരുന്നു.