തിരുവനന്തപുരം
എൻസിപി പ്രവർത്തകൻ അപമാനിച്ചെന്ന യുവതിയുടെ പരാതിയിൽ കുണ്ടറ പൊലീസ് കേസെടുക്കാൻ വൈകിയ സംഭവം സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരാതികളിൽ നടപടി വൈകരുതെന്നാണ് സർക്കാർ നയം. പരാതിക്കാരിക്ക് പൂർണസംരക്ഷണം ഉറപ്പുവരുത്തും. കേസിന്റെ നിജസ്ഥിതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരാതിക്കാരി എൻസിപി നേതാവിന്റെ മകളും ആരോപണ വിധേയൻ എൻസിപി പ്രവർത്തകനുമാണ്. പാർടി തർക്കം എന്ന നിലയിലാണ് വിഷയത്തിൽ ഇടപെട്ടതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി മന്ത്രി അതിൽനിന്ന് ഒഴിവായി. കേസിനെ ദുർബലപ്പെടുത്തുന്ന ഒരു ഇടപെടലും മന്ത്രി നടത്തിയിട്ടില്ല. ആദ്യ ദിവസം പൊലീസ് വിളിപ്പിച്ചപ്പോൾ പരാതിക്കാരി എത്തിയില്ല. യുവതി എത്തിയപ്പോൾ വിശദ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് ധരിപ്പിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് അട്ടിമറിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് പി സി വിഷ്ണുനാഥ് പറഞ്ഞു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.