തിരുവനന്തപുരം
ഇന്റലിജന്റ് ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി)മേഖലയിൽ രാജ്യത്തെ ആദ്യ മികവിന്റെ കേന്ദ്രം കൊച്ചിയിൽ മേക്കർ വില്ലേജിന് സമീപം ആരംഭിക്കും. ഉപകരണങ്ങളുമായും സിസ്റ്റങ്ങളുമായും ഡാറ്റ ബന്ധിപ്പിക്കാനും കൈമാറ്റം ചെയ്യാനുമായി തയ്യാറാക്കുന്ന സെൻസറുകൾ, സോഫ്റ്റ്വെയർ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയാണ് ഐഒടി.
ഡിജിറ്റൽ സർവകലാശാലയും തൃശൂർ ആസ്ഥാനമായ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും (സീ-മെറ്റ്) ചേർന്നാണിത് ഒരുക്കുന്നത്. കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതിയോടെ, കേരള സ്റ്റാർട്ടപ് മിഷൻ 41 കോടി രൂപ മുതൽമുടക്കും. സെൻസറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ വരവ് കോവിഡ് സാഹചര്യത്തിൽ നിലയ്ക്കുകയും വ്യവസായ രംഗം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് തദ്ദേശീയ ഉൽപ്പാദനം ലക്ഷ്യമിട്ടത്.
സെൻസറുകളുടെ ഉൽപ്പാദനം, ഇന്റലിജന്റ് സെൻസർ ഹാർഡ്വെയർ, നിർമിത ബുദ്ധിയിലുള്ള സോഫ്റ്റ്വെയറുകളുടെ വികസനം തുടങ്ങി ഉൽപ്പന്നങ്ങളുടെ രാജ്യാന്തര ഗുണനിലവാര പരിശോധനയും സർട്ടിഫിക്കേഷനുംവരെ ഇവിടെയുണ്ടാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണവുമുണ്ടാകും. ഐഒടി മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യൂബേഷൻ, ഗ്രാൻഡ് മുതലായ സഹായങ്ങൾ നൽകി കൂടുതൽ സംരംഭകരെ ഈ മേഖലയിലേക്ക് ആകർഷിക്കും.
തദ്ദേശീയമായ ഉൽപ്പന്ന നിർമിതി, പരീക്ഷണം, സംരംഭങ്ങൾക്ക് സഹായം എന്നിവയിലൂടെ വ്യവസായത്തിനും ഗവേഷണത്തിനുമിടയിലുള്ള പ്രതിബന്ധങ്ങളെ നീക്കി ഐഒടി മേഖലയിൽ കുതിച്ചുചാട്ടത്തിന് സഹായകമാകും വിധമാണ് ഡോ. എ സീമ, ഡോ. എ പി ജെയിംസ് എന്നിവർ പദ്ധതി രൂപകൽപ്പന ചെയ്തത്. കാലങ്ങളായി രാജ്യത്തെ വ്യവസായ മേഖലയിൽ കൂടുതലും ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത ഡാറ്റ കൈമാറ്റത്തിനുതകുന്ന ഇന്റലിജന്റ് സംവിധാനങ്ങൾ ഇല്ലാത്ത സെൻസറുകളാണ്.