കൊച്ചി
സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച 15 കോടി രൂപ എന്തുചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. അപൂർവരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന പൊതുതാൽപ്പര്യഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് സർക്കാരിനോട് വാക്കാൽ നിലപാട് ആരാഞ്ഞത്. രോഗം ബാധിച്ച് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ ഇമ്രാൻ മുഹമ്മദ് എന്ന കുട്ടി കഴിഞ്ഞദിവസം മരിച്ചു. ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം അപൂർവരോഗം ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കാനാകുമോ എന്ന് സർക്കാർ അറിയിക്കണം. നിധിയിലേക്ക് സർക്കാർവിഹിതമായ 15 ലക്ഷം അടയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തിങ്കളാഴ്ചവരെ സാവകാശം തേടി.