തിരുവനന്തപുരം
ഫാക്ടറികളിൽ കുടിവെള്ളത്തിന് മൺകുടവും തുപ്പാൻ കോളാമ്പിയും വേണമെന്ന നിയമം എടുത്തുകളയും. ഫാക്ടറീസ് ആൻഡ് ബോയിലറീസ് നിയമത്തിലുള്ള കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയോ ഭേദഗതി കൊണ്ടുവരികയോ ചെയ്യും. ആവശ്യമെങ്കിൽ സർക്കാർ പുതിയ നിയമനിർമാണം നടത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.
ഓരോ കാലത്തെയും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇന്നിന് യോജിച്ചതല്ലാത്തവ കണ്ടെത്തി പരിഹരിക്കുകയാണ് സർക്കാർ നയം. ഇക്കാര്യം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രകൃതിസമ്പത്ത് സംരക്ഷിച്ച് വേണം വ്യവസായശാലകൾക്ക് പ്രവർത്തിക്കാൻ. ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്നതാണ് സർക്കാർ നയം.
വ്യവസായമേഖലയിലെ പരാതികളിൽ നടപടി സ്വീകരിക്കാൻ കേന്ദ്രീകൃത സോഫ്റ്റ്വെയർ അധിഷ്ഠിത പരിശോധന കൊണ്ടുവരും. ഓൺലൈനായാകും പരിശോധന. വലിയ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ നേരിട്ടുള്ള പരിശോധനയുമുണ്ടാകുമെന്ന് പി ടി തോമസിന്റെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.
വ്യവസായ മേഖലയിൽ തൊഴിൽ നിയമങ്ങൾ നടപ്പാക്കും. തൊഴിൽ സംഘടനകളുടെ വിപുലമായ യോഗം വിളിക്കുമെന്നും ടി പി രാമകൃഷ്ണന് മറുപടി നൽകി. എച്ച്എൻഎൽ ഭൂമിയിൽ ഒരുഭാഗം റബർ അധിഷ്ഠിത വ്യവസായത്തിന് ഉപയോഗിക്കും. ഈസ് ഓഫ് ഡൂയിങ് റാങ്കിങ് നിർണയിക്കുന്നതിൽ സുതാര്യത കുറവുണ്ടെന്ന് മുഖ്യമന്ത്രിതന്നെ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിതി ആയോഗിന്റെ റാങ്കിങ്ങിൽ കേരളത്തിന് നാലാം സ്ഥാനമുണ്ട്. ഈസ് ഓഫ് ഡൂയിങ് റാങ്കിങ്ങിൽ പത്താംസ്ഥാനത്തേക്ക് എത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും കെ പി എ മജീദിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് പറഞ്ഞു.