ഇരിങ്ങാലക്കുട
കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പാ കുടിശ്ശികയുള്ളയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുവന്നൂർ തേലപ്പിള്ളി തളിയക്കാട്ടിൽ മുകുന്ദൻ (63 ) ആണ് മരിച്ചത്. പൊറത്തിശേരി പഞ്ചായത്ത് മുൻ അംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് എക്സി. കമ്മിറ്റി അംഗമാണ്. ഭാര്യ: പ്രഭാവതി. മക്കൾ: ധീരജ്, ദീപ്തി. മരുമകൻ. അഭിലാഷ്.
2018ൽ വീടും പറമ്പും പണയംവച്ച് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുകുന്ദൻ 50 ലക്ഷം വായ്പയെടുത്തിരുന്നു. 2019ൽ ഇദ്ദേഹം ജാമ്യക്കാരനായി കക്ഷിചേർന്ന് എടുത്ത 30 ലക്ഷത്തിന്റെ മറ്റൊരു വായ്പയും കുടിശ്ശികയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വായ്പാ കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.
എന്നാൽ ജപ്തിനോട്ടീസ് ലഭിച്ചതിനെത്തുടർന്ന് മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തെന്ന് പ്രചരിക്കുന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ബാങ്ക് സെക്രട്ടറി- ഇൻ-ചാർജ് ഇ എസ് ശ്രീകല പറഞ്ഞു. 2021 ഫെബ്രുവരിയിൽ കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
അദ്ദേഹം ബാങ്കിൽ നേരിട്ട് വന്ന് കുടിശ്ശിക അടച്ചുതീർക്കാമെന്ന് സമ്മതിക്കുകയും സാവകാശം ആവശ്യപ്പെടുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിനോ മറ്റുകക്ഷികൾക്കോ ബാങ്ക് നോട്ടീസ് അയച്ചിട്ടില്ല. സഹകരണ ഉദ്യോഗസ്ഥരോ ബാങ്ക് ജീവനക്കാരോ അദ്ദേഹത്തിന്റെ വീട്ടിൽ ജപ്തി നടപടിക്കായി പോയിട്ടില്ല. ജപ്തി നോട്ടീസ് നൽകിയതിനെത്തുടർന്നാണ് മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തതെന്ന സത്യവിരുദ്ധ വാർത്ത മാധ്യമങ്ങൾ പിൻവലിക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.