തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന് ചെയര്മാനും പ്രൊഫ. വി.കെ രാമചന്ദ്രന് വൈസ് ചെയര്പേഴ്സണുമായി സംസ്ഥാന ആസൂത്രണ ബോര്ഡ് പുന:സംഘടിപ്പിച്ചു. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്. ബാലഗോപാല്, കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്കുട്ടി, എ.കെ. ശശീന്ദ്രന്, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്കോവില് എന്നിവരെ നിശ്ചയിച്ചു. ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാര്, പ്രൊഫ. ജിജു. പി. അലക്സ്, ഡോ. കെ. രവിരാമന് എന്നിവര് വിദഗ്ധ അംഗങ്ങളാണ്. പാര്ട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആര്.രാമകുമാര്, വി നമശിവായം, സന്തോഷ് ജോര്ജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല് ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി മെമ്പര് സെക്രട്ടറിയാണ്.
ഡിജിറ്റല് പഠനസൗകര്യം ഒരുക്കല്; മന്ത്രിമാര് യോഗം വിളിക്കും
വിദ്യാഭ്യാസ ആവശ്യത്തിന് കുട്ടികള്ക്ക് വേണ്ട ഡിജിറ്റല് പഠനസൗകര്യങ്ങള് ഒരുക്കുന്നതിനുള്ള നടപടികള് ഊര്ജ്ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്ക്കാന് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്ക്ക് നിര്ദ്ദേശം നല്കി.
കൊല്ലം ജില്ലാ ഗവണ്മെന്റ് പ്ലീഡര് ആന്റ് പബ്ലിക് പ്രോസിക്യൂട്ടര് തസ്തികയില് കാലാവധി പൂര്ത്തിയാക്കിയ ആര്. സേതുനാഥന് പിള്ളയെ 01-07-2021 മുതല് മൂന്നു വര്ഷത്തേയ്ക്ക് പുനര് നിയമിക്കും.
തസ്തികകള്
കേരള അക്കാദമി ഫോര് സ്കില്സ് എക്സലന്സില് ഒരു മാനേജിംഗ് ഡയറക്ടര് തസ്തിക സൃഷ്ടിക്കും.
മലബാര് സിമന്റ്സ് ലിമിറ്റഡ് കമ്പനിയില് ഒഴിഞ്ഞു കിടക്കുന്ന മാനേജീരിയില് വിഭാഗത്തില്പ്പെട്ട തസ്തികകള് പുനരുജ്ജീവിപ്പിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന് തീരുമാനിച്ചു. എം3 ഗ്രേഡില് ചീഫ് കെമിസ്റ്റ്, ചീഫ് എന്ജിനീയര് (മെക്കാനിക്കല്), ചീഫ് എന്ജിനീയര് (ഇലക്ട്രിക്കല്), മാനേജര് (മെറ്റീരിയല്സ്), മാനേജര് (പ്രൊഡക്ഷന്) എന്നിങ്ങനെ ഓരോ തസ്തികകളിലാണ് നിയമനം നടത്തുക.
എറണാകുളം നഴ്സിംഗ് കോളേജില് 2017 ല് സൃഷ്ടിച്ച ഒമ്പത് നഴ്സിംഗ് തസ്തികകള് റദ്ദ് ചെയ്ത് പകരം ഏഴ് അസിസ്റ്റന്റ് പ്രൊഫസര് ഇന് നഴ്സിംഗ് തസ്തികകള് സൃഷ്ടിക്കാന് തീരുമാനിച്ചു.
കോഴിക്കോട് എരഞ്ഞിപ്പാലം കരുണ ബധിര മൂക ഹയര് സെക്കണ്ടറി സ്കൂളില് പ്രിന്സിപ്പല്, അധ്യാപകര്, ലാബ് അസിസ്റ്റന്റ് തുടങ്ങി എട്ട് തസ്തികകള് സൃഷ്ടിക്കും.