സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കിടയിൽ സ്ത്രീധന സമ്പ്രദായത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും, സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീധനം ചോദിക്കുകയോ/ വാങ്ങുകയോ/ വാങ്ങാൻ പ്രേരിപ്പിക്കുകയോ/ കൊടുക്കുകയോ ചെയ്യില്ലെന്ന സാക്ഷിപത്രം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും കാര്യാലയ മേധാവികൾ വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.
കൂടാതെ ആറ് മാസത്തിലൊരിക്കൽ റിപ്പോർട്ട് അതത് ജില്ലകളിലെ ഡൗറി പ്രോഹിബിഷൻ ഓഫീസര്‍ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. ഇത് സ്ത്രീധന നിരോധന നിയമം, ചട്ടങ്ങൾ പ്രകാരം നിര്‍ബന്ധമാണെന്നും ഉത്തരവിലുണ്ട്.
സ്ത്രീധനം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമായാണ് ചിലര്‍ കാണുന്നത്. സമീപകാലത്ത് സ്ത്രീകൾക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങൾ/ ഗാര്‍ഹിക പീഡനങ്ങൾ, ഇവയെത്തുടര്‍ന്നുള്ള മരണങ്ങൾ എന്നിവ സ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സ്ത്രീധനമെന്ന അനാചാരത്തിൽ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും മുക്തരല്ലെന്നത് ലജ്ജിപ്പിക്കുന്നതാണെന്നും ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസര്‍ & ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. എല്ലാ വകുപ്പ് മേധാവികൾക്കും ഉത്തരവിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.