കൊച്ചി > കൊച്ചി കപ്പൽശാലയിൽ വ്യാജരേഖയുണ്ടാക്കി ജോലിക്ക് കയറിയ കേസിൽ റിമാൻഡിൽ കഴിയുന്ന അഫ്ഗാൻ പൗരൻ ഈദ് ഗുളിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. തിങ്കളാഴ്ച പ്രതിയെ ലഭിച്ചേക്കുമെന്ന് എറണാകുളം എസിപി വൈ നിസാമുദീൻ പറഞ്ഞു.
ഇയാൾക്ക് ജോലി ലഭിക്കാനും വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കാനും സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലിന്റെ നിർമാണം പുരോഗമിക്കുന്ന കൊച്ചി കപ്പൽശാലയിൽ നടന്ന സംഭവം ഏറെ ഗൗരവമേറിയതാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. ഈദ് ഗുൾ ഒന്നരവർഷം ആൾമാറാട്ടം നടത്തി കപ്പൽശാലയിൽ തൊഴിലെടുത്തതിനെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിച്ചു.
2019ൽ വിമാനവാഹിനിയുടെ നിർമാണത്തിനിടെ ഇതിന്റെ ഹാർഡ്ഡിസ്ക്, പ്രോസസർ എന്നിവ മോഷണം പോയത് വാർത്തയായിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ച കേസിൽ ബിഹാർ, രാജസ്ഥാൻ സ്വദേശികൾ പണത്തിനുവേണ്ടിയാണ് ഇവ മോഷ്ടിച്ചതെന്നാണ് കണ്ടെത്തിയത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്കാണ് കപ്പൽശാലയുടെ സുരക്ഷാ ചുമതല.