കൊച്ചി > ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) പോസ്റ്റ്മോർട്ടം നടത്തി. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽനിന്നുള്ള രണ്ടംഗ വിദഗ്ധ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. റിപ്പോർട്ട് വെള്ളിയാഴ്ച ലഭിക്കും.
ഗവ. മെഡിക്കൽ കോളേജ് ഫൊറൻസിക് മെഡിസിൻ വിഭാഗം തലവൻ ടോം മാപ്പളക്കയിലും അസി. പ്രൊഫസർ വി എസ് ജിജുവും ചേർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കളമശേരി പൊലീസിന് റിപ്പോർട്ട് കൈമാറും.
ബുധനാഴ്ചയാണ് പോസ്റ്റ്മോർട്ടം നടക്കേണ്ടിയിരുന്നത്. എന്നാൽ, വിദഗ്ധ മെഡിക്കൽ സംഘം പോസ്റ്റ്മോർട്ടം നടത്തണമെന്ന് അനന്യയുടെ അച്ഛൻ ആവശ്യപ്പെട്ടതിനാലാണ് മാറ്റിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആലുവയിൽ പൊതുദർശനത്തിനു വച്ചു. ആലുവ പറവൂർ കവലയിൽ അനന്യ മുമ്പ് താമസിച്ചിരുന്ന വാടകവീട്ടിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അന്ത്യോപചാരം അർപ്പിച്ചു. ഉച്ചയ്ക്കുശേഷം കൊല്ലം പെരുമണ്ണിലേക്ക് കൊണ്ടുപോയി.
അനന്യയുടെ മരണത്തിനുപിന്നിലെ കാരണങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതിവകുപ്പ് ഡയറക്ടറും അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
2020 ജൂണിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് അനന്യ മാധ്യമങ്ങളെ സമീപിച്ചിരുന്നു.