തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളിൽ നിന്നും മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതിനാൽ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുക എന്നുള്ളത് സർക്കാരിന്റെ നയമല്ല. പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ നയം. ഇതിനാവശ്യമായ നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശിപാർശ നൽകുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, ഫെബ്രുവരി രണ്ടിനും ഓഗസ്റ്റ് മൂന്നിനുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി, ഓഗസ്റ്റ് നാല് വരെ ദീർഘിപ്പിച്ചിരുന്നു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കും.
സീനിയോറിറ്റി തർക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകൾ എന്നിവ മൂലം റെഗുലർ പ്രൊമോഷനുകൾ തടസ്സപ്പെട്ട് എൻട്രി കേഡറിൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് അധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ വകുപ്പ് അധ്യക്ഷന്മാർ സമിതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി തർക്കം നിലനിൽക്കുന്ന കേസുകളിൽ റെഗുലർ പ്രൊമോഷൻ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രിബ്യൂണലിൽ നിന്നും ഇടക്കാല ഉത്തരവുകൾ നൽകിയിട്ടുള്ള കേസുകളിൽ താൽക്കാലിക പ്രൊമോഷൻ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു തസ്തികയിൽ പ്രൊമോഷൻ അനുവദിക്കുന്നതിന് ഒഴിവുകൾ നിലനിൽക്കുകയും എന്നാൽ പ്രൊമോഷൻ നൽകുന്നതിന് അർഹത/ യോഗ്യതയുള്ളവരുടെ അഭാവം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത തസ്തികകൾ റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേയ്ക്ക് താൽക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതി രൂപീകരിച്ചിരുന്നു.
മുൻ സർക്കാരിന്റെ കാലത്ത് ആരോഗ്യം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിക്കുകയുണ്ടായി. 2016 മെയ് 25 മുതൽ ഈ വർഷം മെയ് 19 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. മുൻ യു.ഡി.എഫ് ഭരണകാലത്ത് 3,418 റാങ്ക് ലിസ്റ്റുകൾ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 1,61,361 നിയമനശുപാർശ നൽകിയിട്ടുണ്ട്. മുൻ യു.ഡി.എഫ് സർക്കാർ 1,54,384 നിയമന ശുപാർശ നൽകിയെങ്കിലും അതിലുൾപ്പെട്ട 4,031 പേർക്ക് എൽ.ഡി.എഫ് സർക്കാരാണ് നിയമനം നൽകിയത്. നിയമനങ്ങൾ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സർക്കാരിന്റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാൻ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: No need to extend the validity of PSC rank lists, says Pinarayi Vijayan