ജാമ്യം ലഭിക്കുമെന്ന് കരുതിയാണ് സെസി ഇന്ന് രാവിലെ പതിനൊന്നരയോടെ ആലപ്പുഴ ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. നേരത്തെ 417, 419 വകുപ്പുകള്‍ മാത്രമായിരുന്നു സെസിക്ക് മേൽ ചുമത്തിയിരുന്നത്. എന്നാൽ, ഇന്ന് ജാമ്യമെടുക്കാനായി അഭിഭാഷകരുടെ സഹായത്തോടെ കോടതിയിൽ എത്തിയപ്പോള്‍ 420 അടക്കമുള്ള വകുപ്പുകളും വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ഇതോടെ അപേക്ഷ പിൻവലിച്ച് രക്ഷപെടുകയായിരുന്നു.
അഭിഭാഷകരുടെ സഹായത്തോടെയാണ് സെസി മുങ്ങിയിരിക്കുന്നത്. കോടതിയുടെ പിന്നിലത്തെ വാതിലിലൂടെ മറ്റൊരു കാറിൽ കയറി രക്ഷപെടുകയായിരുന്നു.
സെസിയുടെ തട്ടിപ്പ് ബാര്‍ അസോസിയേഷന്‍ കണ്ടെത്തിയതിനെ പിന്നാലെ ഒളിവില്‍ പോയ ഇവരുടെ നീക്കങ്ങളെല്ലാം നാടകീയമായിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന പ്രചരണത്തിനിടെയാണ് പൊലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങിയത്. നിയമ ബിരുദമില്ലാതെ വ്യാജ വിവരങ്ങള്‍ നല്‍കിയാണ് പ്രതി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത്.
സെസ്സി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എൻറോൾമെൻ്റ് നമ്പർ നൽകി അംഗംത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ പൊലീസ് സെസ്സിക്കെതിരെ കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കിയിരുന്നു.
രണ്ടര വര്‍ഷത്തോളമായി എൻട്രോൾ ചെയ്യാതെ ആലപ്പുഴ കോടതിയിൽ സെസി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ നിരവധി കേസുകളില്‍ ഹാജരാകുകയും ജാമ്യമെടുത്ത് കൊടുക്കുകയും അതോടൊപ്പം ലീഗൽ സർവീസ് അതോറിറ്റി അടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി പങ്കെടുക്കുകയും ബാര്‍ അസോസിയേഷന്റെ ഭാരവാഹിയായി ഇരിക്കുകയും ചെയ്ത വ്യക്തിയാണ് സെസി സേവ്യര്‍.