ഡിബ്രുഗർ > അസമിൽ മലയാളി സ്കൂൾ പ്രിൻസിപ്പാളിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് സഹ അധ്യാപകർ അറസ്റ്റിൽ. ഉദ്മരി ജവഹർ നവോദയ സ്കൂൾ പ്രിൻസിപ്പാൾ പി രാജേഷിന് നേരെയാണ് കോമ്പൗണ്ടിനകത്ത് വച്ചുതന്നെ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ അധ്യാപകരായ കലൂറാം മീണ, മദൻലാൽ ഗുപ്ത, നവ്നീത് കുമാർ, മാനവേന്ദ്ര ഗോസ്വാമി എന്നിവരാണ് അറസ്റ്റിലായത്. 2012 ൽ നവോദയ വിദ്യാലയ സമിതിയുടെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ആളാണ് പി രാജേഷ്. നേരത്തെ കാസർകോട് നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പാളായിരുന്നു.
കഴിഞ്ഞ 18 നാണ് സംഭവം. സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണമായിരുന്നുവെന്ന് ദരങ് എസ്.പി സുശാന്ത് ബിശ്വ ശർമ പറഞ്ഞു. മർദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 24 മണിക്കൂറിനകമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അസമിലെ വിവിധ ഇടങ്ങളിൽ സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണെന്നും ശർമ പറഞ്ഞു.