ബംഗ്ലുരു> മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറില്ലെന്ന നിലപാട് ശക്തിപ്പെടുത്തി ബി എസ് യെദ്യൂരപ്പ. മത സമുദായ നേതാക്കളെ രംഗത്തിറക്കി സ്ഥാനത്തുതുടരാനാണ് യെദ്യൂരപ്പയുടെ ശ്രമം. ഇതിനിടെ ഞായറാഴ്ച വിളിച്ചുചേര്ത്ത ബിജെപി നിയമസഭാ കക്ഷിയോഗം മാറ്റിവെച്ചു.
സര്ക്കാര് രണ്ട് വര്ഷം പൂര്ത്തിയാക്കുന്നതിന്റെ ഭാഗമായും നേതൃമാറ്റം ഉള്പ്പെടെ ചര്ച്ച ചെയ്യാനുമായി ബിജെപി നേതൃത്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു യോഗം വിളിച്ചത്. പാര്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് മുഖ്യമന്ത്രി യോഗം മാറ്റിവെച്ചത്. യോഗം മാറ്റിയ കാരണം അറിയില്ലെന്നാണ് ദേശീയ ജനറല് സെക്രട്ടറി സി ടി രവി പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്ര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ എന്നിവരുമായി ചര്ച്ച നടത്തി ബംഗ്ലുരുവിലെത്തിയ ശേഷം യെദ്യൂരപ്പ വിവിധ മഠങ്ങളുടെ 50 ഓളം മേധാവികളുടെ പിന്തുണ നേടിയതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ പിന്തുണച്ച് മതനേതാക്കളുടെ ഒരു വലിയ സംഘം കഴിഞ്ഞ ദിവസം ഔദ്യോഗിക വസതിയിലെത്തിയിരുന്നു.
സര്ക്കാര് കാലാവധി പൂര്ത്തിയാക്കുന്ന 2023 മെയ് വരെ യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി തുടരാന് അനുവദിക്കണമെന്ന് മഠത്തലവന്മാര് ആവശ്യപ്പെടുകയും ചെയ്തു. പ്രതിനിധി സംഘത്തില് ഭൂരിപക്ഷം പേരും വീരശൈവ -ലിംഗായത്ത് സമുദായത്തില് നിന്നുള്ളവരായിരുന്നു. തുംകുറുവിലെ സിദ്ധഗംഗ മഠാധിപതി സിദ്ധലിംഗ സ്വാമിയുടെ നേതൃത്വത്തിലായിരുന്നു സംഘം മുഖ്യമന്ത്രിയെ സന്ദര്ശിച്ചത്. യെദ്യുരപ്പയെ മാറ്റാനുള്ള പദ്ധതികളുമായി കേന്ദ്ര നേതൃത്വം മുന്നോട്ട് പോയാല് ബിജെപിക്ക് പ്രത്യാഘാതങ്ങള് നേരിടേണ്ടിവരുമെന്നും പാര്ടിക്ക് വലിയ ക്ഷീണമുണ്ടാകുമെന്നുമാണ് യെദ്യൂരപ്പ അനുകൂലികള് മുന്നറിയിപ്പ് നല്കുന്നത്.
രണ്ട് കോണ്ഗ്രസ് എംഎല്എമാരും യെദ്യൂരപ്പയെ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലിംഗായത്ത് വിഭാഗത്തില്പ്പെട്ട എംഎല്എമാരാണ് ഇവര്. തന്നില് വിശ്വാസം പ്രകടിപ്പിച്ചതിന് മുഖ്യമന്ത്രി മഠം മേധാവികള്ക്ക് നന്ദി പറഞ്ഞു. എന്നാല് പാര്ടി തീരുമാനത്തിന് അനുസൃതമായി പ്രവര്ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരമേറ്റ രണ്ട് വര്ഷം പൂര്ത്തിയാക്കുന്ന 26ന് നേതൃമാറ്റത്തില് തീരുമാനമെടുക്കാനായിരുന്നു ബിജെപി കേന്ദ്രനേതൃത്വം ധാരണയിലെത്തിയിരുന്നത്. ഡല്ഹി സന്ദര്ശനത്തിനിടെ രണ്ട് മക്കള്ക്ക് പ്രധാന പദവികള് നല്കിയാല് സ്ഥാനത്തുനിന്നുമാറാമെന്ന വാഗ്ദാനമാണ് യെദ്യൂരപ്പ കേന്ദ്രനേതൃത്വത്തിന് നല്കിയത്. മക്കളുടെ കാര്യത്തില് ഉറപ്പുലഭിക്കാത്തതിനാലാണ് സമ്മര്ദ്ദം ചെലുത്തി മുഖ്യമന്ത്രി സ്ഥാനത്തുതുടരാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്. യെദ്യുരപ്പയ്ക്ക് പകരക്കാരനെ കണ്ടെത്താനും നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
പല നേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ ജനറല് സെക്രട്ടറി സി ടി രവി, ദേശീയ സംഘാടനാ സെക്രട്ടറി ബി എല് സന്തോഷ് എന്നിവരുടെ പേരുകള് മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ട്. സ്പീക്കര് വിശ്വേശ്വര് ഹെഗ്ഡെ കഗേരി, ആഭ്യന്തരമന്ത്രി ബസവരാജ് എസ് ബോമ്മൈ, റവന്യൂ മന്ത്രി ആര് അശോക, ഡെപ്യൂട്ടി മുഖ്യമന്ത്രി സി എന് അശ്വത് നാരായണന് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
വിശ്വേശ്വര് ഹെഗ്ഡെയും ജോഷിയും സന്തോഷും ബ്രാഹ്മണരാണ്. സി ടി രവി, ആര് അശോക, സി എന് അശ്വത് എന്നിവര് സംസ്ഥാനത്തെ മറ്റൊരു പ്രബല സമുദായമായ വോക്കലിഗയാണ്. ഉയര്ന്നുവരുന്ന പേരുകളില് ബസവരാജ് എസ് ബോമ്മൈ മാത്രമാണ് ലിംഗായത്ത് സമുദായത്തില് നിന്നുള്ളത്.
തലമുറ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെങ്കിലും ഇത് ഒരിക്കലും കര്ണാടകയില് എളുപ്പമാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്.യെദ്യൂരപ്പയിലുടെ ബിജെപിയുടെ വോട്ട് ബാങ്കായി മാറിയ ലിംഗായത്ത് സമുദായത്തെ പിണക്കി പാര്ടിക്ക് മുന്നോട്ടുപോകാനാകില്ല. 2011 ല് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയപ്പോള് യെദ്യൂരപ്പ പുതിയ പാര്ടി രൂപീകരിച്ച് 2013 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടു. ഈ തെരഞ്ഞെടുപ്പില് ബിജെപിക്ക് കനത്ത തോല്വി നേരിടേണ്ടി വന്നു. യെദ്യൂരപ്പയെ മുന്നില് നിര്ത്തിയിട്ടും 2018 ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. കോണ്ഗ്രസ്, ജെഡിഎസ് സര്ക്കാരിനെ കുതിരകച്ചവടത്തിലൂടെ തകര്ത്താണ് ബിജെപി സര്ക്കാര് രൂപീകരിച്ചത്.
യെദ്യൂരപ്പ
നാല് തവണ മുഖ്യമന്ത്രി
2007- നവംബര് 12 മുതല് 19 (ഏഴ് ദിവസം) ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി
2008 മെയ് 30 – 2011 ആഗസ്ത് 4 (3 വര്ഷം 66 ദിവസം)
2018 മെയ് 17- 19 (3 ദിവസം)
2019 ജൂലെ 26 മുതല്
അധികാരം നേടാന് എതിര്പാര്ട്ടികളിലെ എംഎല്എമാരെ വിലയ്ക്ക് വാങ്ങുന്ന കുതിരക്കച്ചവടത്തിന് ഇന്ത്യയില് തുടക്കമിട്ടത് യെദ്യൂരപ്പയാണ്. കര്ണാടകയിലെ കോണ്ഗ്രസ്- ജെഡിഎസ് സര്ക്കാരിനെ അട്ടിമറിക്കാന് ‘ഓപറേഷന് കമല’ നടത്തി.
2019 ജൂലൈയില് 16 കോണ്ഗ്രസ്- ജെഡിഎസ് എംഎല്എമാര് രാജിവച്ച് ബിജെപിയില് ചേര്ന്നു. തുടര്ന്ന് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി
2011 ഒക്ടോബറില് അഴിമതിക്കേസില് അറസ്റ്റിലായി. ഒരു മാസത്തെ ജയില്വാസത്തിന് ശേഷം ജാമ്യം.
2012ല് ബിജെപിയുമായി തെറ്റി പിരിഞ്ഞ് കര്ണാടക ജനത പാര്ട്ടി രൂപീകരിച്ചു. 2013 നിയമസഭ തെരഞ്ഞെടുപ്പില് ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടു. 2014 വീണ്ടും ബിജെപി പാളയത്തില് എത്തി. കര്ണാടകയിലെ ഖനി വ്യവസായത്തിലെ വമ്പന്മാരായ റെഡ്ഡി സഹോദരങ്ങളുമായി അടുത്ത ബന്ധം.