മറയൂർ > കാന്തല്ലൂരിലെ ഹരിതാഭക്ക് മേലെ ചുവന്നു തുടുത്ത ആപ്പിൾ പഴങ്ങൾ പാകമാകുന്ന കാലം സഞ്ചാരികൾ ഏറെ എത്താറുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ എന്നതിലുപരിയായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ടാണ് കർഷകർക്ക് ആപ്പിൾ തോട്ടങ്ങളിൽ നിന്നും വരുമാനം ലഭിക്കുന്നത്. എന്നാൽ ഈ സീസണിലും കോവിഡ് പ്രതിസന്ധി തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്.
കാന്തല്ലൂരിൽ വീട്ടുവളപ്പിൽ കൗതുകത്തിന് ഒരു മരം മുതൽ മൂന്ന് ഏക്കർ വരെ ആപ്പിൾ കൃഷിചെയ്യുന്ന കർഷകരുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മരങ്ങൾ പൂവിടുന്നത്. കായ്കൾ വിളഞ്ഞു പാകമാകുന്നത് ജൂലൈ, ആഗസ്ത് മാസങ്ങളിലും. തോട്ടം ഉടമകൾ ഓണക്കാലം വരെ പഴങ്ങൾ മരങ്ങളിൽ തന്നെ നിലനിർത്തുകയാണ് ചെയ്യുന്നത്. കച്ചവടക്കാർക്ക് നൽകുന്നതിലുപരിയായി വിനോദ സഞ്ചാരികൾക്ക് മോഹവിലയ്ക്ക് നൽകുന്നതാണ് ലാഭകരം.
വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഗവൺമെന്റും കാന്തല്ലൂർ പഞ്ചായത്ത് ഭരണസമിതിയും ‘ഒരു വീട്ടിൽ ഒരു ഫലവൃക്ഷത്തൈ’ പദ്ധതി നടപ്പാക്കിയതിന്റെ ഭാഗമായാണ് ആപ്പിൾ കൃഷി ഇവിടെ വ്യാപകമായത്. കൊടൈക്കനാലിൽനിന്നൂം ഹിമാചലിൽനിന്നും എത്തിച്ച റോയൽ ഡലീഷ്യസ്, ഗ്യാനിസ്മിത്ത്, ഗ്യാനിഗോൾഡ് എന്നീ ഇനങ്ങളാണ് വളരുന്നത്. പുതുതായി നൂറുകണക്കിന് ആപ്പിൾ മരങ്ങൾ നട്ടുവളർത്തുന്നുണ്ട്. ഒരു മരത്തിൽ നിന്നും ശരാശരി 40 കിലോയിലധികം വിളവ് ലഭിക്കും. പച്ച നിറത്തിലുള്ള ഗ്രീൻ ആപ്പിൾ കൃഷിയും കാന്തല്ലൂരിലുണ്ട്. പെരുമല, പുത്തൂർ, തലചോർ കടവ്, കുളച്ചിവയൽ എന്നിവിടങ്ങളിലാണ് ആപ്പിൾ കൃഷി ഏറെയും. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മറയൂർ, കാന്തല്ലൂർ മേഖലയിലെ ടൂറിസം അനുബന്ധവ്യവസായങ്ങൾക്ക് ചെറിയ ഉണർവെങ്കിലും ആപ്പിൾകാലം നൽകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.