കൊല്ലം
എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി പത്മാകരൻ കടയിൽവച്ച് അപമാനിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കുണ്ടറ സിഐ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൊഴിയെടുക്കാൻ അന്വേഷണ സംഘം ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തിയെങ്കിലും അവർ ഇല്ലാത്തതിനാൽ മടങ്ങി. ഫോണിൽ ബന്ധപ്പെട്ടെങ്കിലും മൊഴി നൽകാൻ ഹാജരായില്ല. വിഷയത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണത്തിന്റെ നിജസ്ഥിതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകൻ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതി കുണ്ടറ പൊലീസിന് കൈമാറി. യുവമോർച്ച, മഹിളാ കോൺഗ്രസ് പ്രവർത്തകർ കുണ്ടറ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
യുവമോർച്ച കുണ്ടറ മണ്ഡലം കമ്മിറ്റി അംഗവും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുമായിരുന്ന യുവതി അവ്യക്തമായ പരാതിയാണ് കുണ്ടറ പൊലീസിൽ നൽകിയത്. അതിനാൽ, മൊഴി ലഭ്യമായശേഷമേ തുടർനടപടി ഉണ്ടാകൂ. മൂന്നുതവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ആരോപണവിധേയനായ പത്മാകരൻ എത്തി. സംഭവം നടന്നെന്ന് പറയുന്ന കടയിലെ സിസിടിവി ദൃശ്യം പരിശോധിക്കുമെന്ന് സിഐ ജയകൃഷ്ണൻ പറഞ്ഞു.
പത്മാകരനും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജി രാജീവിനും എതിരെ കേസെടുത്തിട്ടുണ്ട്. യുവതിയെ പരിഹസിച്ച് കൊല്ലത്തെ എൻസിപി ഫെയ്സ്ബുക് പേജിൽ ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ടാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എൻസിപി നിയോഗിച്ച കമീഷൻ യുവതിയുടെ വീട്ടിലെത്തി അച്ഛൻ ബനഡിക്ട് ബിൽജനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യൂസ് ജോർജ്, സുഭാഷ് പുഞ്ചക്കോട് എന്നിവരാണ് കമീഷൻ അംഗങ്ങൾ. ജി പത്മാകരനെ കൂടാതെ സംസ്ഥാന സമിതി അംഗം എസ് പ്രദീപ്കുമാർ, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജി രാജീവ് എന്നിവരുടെ മൊഴിയും കമീഷൻ രേഖപ്പെടുത്തി.