കാസർകോട്
ബിജെപി നിയന്ത്രണത്തിലുള്ള പുത്തിഗെ മുഗു സഹകരണ ബാങ്കിൽനിന്ന് മുൻ പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ള സംഘം തട്ടിയത് മുപ്പത് കോടി രൂപ. ബിജെപി നേതാവായിരുന്ന സംഘം പ്രസിഡന്റ് എസ് നാരായണ, കോൺഗ്രസ് സഹകരണ യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന മുഗു നാരായണൻ നമ്പ്യാർ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു തട്ടിപ്പ്. നിരവധി പേർ തട്ടിപ്പിനിരയായിട്ടും ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല. മുൻ പ്രസിഡന്റിനെ പാർടിയിൽനിന്ന് ഒഴിവാക്കി കൈകഴുകുകയാണ് നേതൃത്വം. കൃത്യമായ പരിശോധനയില്ലാതെ നിസ്സാര ഈട് സ്വീകരിച്ചാണ് വായ്പ നൽകിയത്. ആകെ അമ്പത് കോടിയോളം രൂപ നൽകി. ഇതിൽ 20 കോടിയോളം മാത്രമാണ് കൃത്യമായ പരിശോധനയിലൂടെ നൽകിയത്. പണം തിരിച്ചുപിടിക്കാൻ നടപടി ശക്തമാക്കി. കേരള ബാങ്ക് നിയോഗിച്ച സിഇഒ ബി വിജയൻ നൽകിയ പരാതിയിൽ പ്രധാന വായ്പക്കാരെ പൊലീസ് വിളിപ്പിച്ചു. ഈ മാസം ഒരു ഗഡു അടയ്ക്കാമെന്ന് വായ്പയെടുത്തവർ സമ്മതിച്ചിട്ടുണ്ട്. അടച്ചില്ലെങ്കിൽ ക്രിമിനൽ നടപടിവരും.
മുഗു നാരായണൻ നമ്പ്യാർ ഭാര്യ, മകൻ, സഹോദരി എന്നിവരുടെ പേരിൽ നാലരക്കോടി രൂപ തട്ടി. ബാങ്കിന്റെ പരിധിയിലില്ലാത്തവർക്കും ബിനാമി പേരിൽ വായ്പ നൽകി. അമ്പതിനായിരം രൂപയുടെ വായ്പാരേഖയിൽ ഒരു പൂജ്യംകൂടി ചേർത്ത് അഞ്ച് ലക്ഷം രൂപയാക്കിയും ക്രമക്കേട് നടത്തി. തിരിച്ചടക്കാൻ നോട്ടീസ് വന്നപ്പോഴാണ് പലരും ചതി അറിയുന്നത്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വർഷം മേയിൽ സഹകരണവകുപ്പിന് സമർപ്പിച്ചു.