വേങ്ങര > കെ എം ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ പങ്കാളിയായ റിയൽ എസ്റ്റേറ്റ് കാരൻ വലിയോറ മുതലമാട് പടർ കടവൻ അലി അക്ബർ എങ്ങനെ മുസ്ലീം ലീഗ് വേങ്ങര നിയോജക മണ്ഡലം ട്രഷറർ ആയി എന്നു ചോദിച്ചാൽ ആർക്കും അറിയില്ല. ഏതാനും വർഷം മുമ്പ് സൗദിയിലെ ജിസാനിൽ ചെറിയ ഭാരവണ്ടിയിൽ പ്ലാസ്റ്റിക് കവറുകൾ വിതരണം ചെയ്യുന്ന ജോലിയിൽ നിന്നും വലിയ ബിസ്നസ് സാമ്രാജ്യത്തിലേക്കാണ് അലി അക്ബർ വളർന്നത്.
ജിദ്ദയിൽ പ്ലാസ്റ്റിക് കവർ നിർമ്മാണ യൂണിറ്റും സൂപ്പർ മാർക്കറ്റും പടുത്തുയർത്തിയതും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ. തുടർന്ന് ജിദ്ദ കെ എം സി സി വേങ്ങര കമ്മറ്റിയുടെ അധ്യക്ഷനാവുകയും നാട്ടിലെ ലീഗിൻ്റെ ഫണ്ട് വിതരണത്തിലെ പ്രധാന കണ്ണിയാവുകയും ചെയ്തു. ഈ സ്വാധീനം വെച്ചു കൊണ്ടാണ് അലി അക്ബർ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന പുനസ്സംഘടനയിൽ ലീഗ് മണ്ഡലം കമ്മറ്റിയെ അടക്കം നിയന്ത്രിക്കുന്ന സ്ഥാനം നേടിയെടുക്കുന്നത്. യൂത്ത് ലീഗ് അക്കമുള്ള പോഷക സംഘടനകളുടെ ഭാരവാഹിത്വമോ പ്രവർത്തന പരിചയമോ ഇല്ലാതെയാണ് വൻകിട നേതാക്കളെ വെട്ടിമാറ്റി മുന്നിലെത്തുന്നത്.
ഫണ്ടു വിതരണം ചെയ്യുന്നതിനുള്ള ശേഷി യോടൊപ്പം ചില നേതാക്കളുമായുള്ള ബന്ധുത്തവും അതോടൊപ്പം വൻകിട നേതാക്കളോടുള്ള അടുപ്പവുമാണ് സ്ഥാനം നേടിയെടുക്കുന്നതിൽ തുണയായത്. ഇപ്പോഴും തദ്ദേശ സ്ഥാപനത്തിൽ അംഗമായിരിക്കുന്ന ഒരാളാണെത്രെ ഇദ്ദേഹത്തിന് നേതാക്കളെ പരിചയപ്പെടുത്തിക്കൊടുത്തത്.മക്കയിലും മദീനയിലും തീർത്ഥാടനത്തിനെത്തുന്ന ലീഗ് നേതാക്കൾക്ക് ജിദ്ദയിൽ ഇറങ്ങുന്നതു മുതൽ മടങ്ങുന്നതു വരെയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതും അലി അക്ബർ ആയിരുന്നു.
ഈ സൗഹൃദമാണ് സ്ഥാനമാനത്തിനൊപ്പം ലീഗിലെ കള്ളപ്പണക്കാരിലേക്കും അലി അക്ബറിനെ അടുപ്പിക്കുന്നത്. ഡോ.എം കെ മുനീറിൻ്റെ കൈവശമായിരുന്നുവെന്ന് പറയപ്പെടുന്ന ഭൂമി വാങ്ങിക്കുന്നതിൽ എത്തി നിൽക്കുന്നതും ഇത്തരം ബന്ധങ്ങളാണ്. ലീഗ് പ്രമാണിമാരുടെ കൂട്ടുകച്ചവടങ്ങളിലും ഇദ്ദേഹം പങ്കാളിയാണ്. മലബാർ കോളേജ് അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇദ്ദേഹം വൻതുക നിക്ഷേപിച്ചിട്ടുണ്ട്.