തൃശൂർ
കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഒന്നരമണിക്കൂർ ചോദ്യംചെയ്തു. ബുധനാഴ്ച രാത്രി തൃശൂർ പൊലീസ് ക്ലബ്ബിലായിരുന്നു ചോദ്യംചെയ്യൽ. നേരത്തേ നോട്ടീസ് നൽകിയെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ച കോന്നിയിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അനിൽ. പത്തനംതിട്ടയിലെ ബിജെപി ഫണ്ട് കൈകാര്യം ചെയ്ത ഇയാളെ കുഴൽപ്പണം കടത്തിയ ധർമരാജൻ ഫോണിൽ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന കുഴൽപ്പണമാണ് കവർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശും ഓഫീസ് സെക്രട്ടറി ഗിരീഷും നിർദേശിച്ച പ്രകാരം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് കൈമാറാനുള്ളതായിരുന്നു പണം. ഈ പണം കോന്നിയിലേക്ക് കൊണ്ടുവന്നതെന്നാണ് സൂചന. കവർച്ച ചെയ്ത പണത്തിൽ ഒരു ലക്ഷംകൂടി കണ്ടത്തി. മുഖ്യപ്രതി രഞ്ജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കുറ്റപത്രം ഈ ആഴ്ച ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ എം ഉണ്ണിക്കൃഷ്ണനെ സർക്കാർ നിയമിച്ചു.