ന്യൂഡൽഹി
കോർപറേറ്റ് വമ്പൻമാരെ നിരീക്ഷിക്കാനും ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. ജനിതകവ്യതിയാനം വരുത്തിയ(ബിടി) പരുത്തി വിത്തുകളുടെ വിൽപ്പനരംഗത്തുള്ള ബഹുരാഷ്ട്ര കുത്തകകളായ മാഹികോ മൊൺസാന്റോ ബയോടെക് ഇന്ത്യ, മൊൺസാന്റോ ഇന്ത്യ കമ്പനികളിലെ ഉദ്യോഗസ്ഥരുടെ ഫോണുകളാണ് 2018ൽ പെഗാസസ് ലക്ഷ്യമിട്ടത്. ബിടി പരുത്തി വിത്തുകളുടെ അനധികൃത ഉപയോഗത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയിലെ ഒരംഗത്തിന്റെ ഫോണും പട്ടികയിലുണ്ട്.
ബിടി പരുത്തി വിത്തുകൾക്ക് രാജ്യത്ത് ഔദ്യോഗികാനുമതി ഇല്ല. എന്നാൽ, മഹാരാഷ്ട്രയടക്കം പല സംസ്ഥാനത്തും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 2018 ഫെബ്രുവരിയിൽ ഇവയുടെ അനധികൃത ഉൽപ്പാദനം, സംഭരണം, വിൽപ്പന എന്നിവ അന്വേഷിക്കാൻ മഹാരാഷ്ട്രയിലെ അന്നത്തെ ബിജെപി സർക്കാർ പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) രൂപംനൽകി. കേന്ദ്ര സർക്കാരാകട്ടെ 2017 ഒക്ടോബറിൽത്തന്നെ ജൈവസാങ്കേതികവിദ്യാ വകുപ്പിനു കീഴിൽ മുതിർന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
കേന്ദ്ര–-സംസ്ഥാന തലങ്ങളിലെ രണ്ട് സമിതി നിലവിൽവന്നശേഷമാണ് വിത്തുകമ്പനി ഉദ്യോഗസ്ഥരുടെ ഫോണുകൾ പെഗാസസ് നിരീക്ഷണത്തിലായത്. ഇതിനു പുറമെ കേന്ദ്രസമിതിയിലെ ശാസ്ത്രജ്ഞൻകൂടിയായ മുതിർന്ന ഉദ്യോഗസ്ഥനെയും നിരീക്ഷിച്ചു. മഹാരാഷ്ട്ര സർക്കാർ എസ്ഐടിക്ക് അനുവദിച്ചത് ഒരു മാസം മാത്രമായിരുന്നെങ്കിലും ഏതാനും മാസംമുമ്പുമാത്രമാണ് റിപ്പോർട്ട് നൽകിയത്. കാര്യമായ കണ്ടെത്തലും റിപ്പോർട്ടിലില്ല. കമ്പനികൾക്ക് അനുകൂലമായിരുന്ന കേന്ദ്രസമിതി റിപ്പോർട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുത്തക കമ്പനികളും സർക്കാരുകളും തമ്മിലുള്ള ഒത്തുകളിയാണ് റിപ്പോർട്ടുകളിലൂടെ പുറത്തുവന്നത്. കമ്പനി ഉദ്യോഗസ്ഥരുടെ ഫോണുകൾ പെഗാസസിലൂടെ നിരീക്ഷിച്ചത് വിലപേശലിന് ആകാമെന്ന ആക്ഷേപവും ശക്തമാണ്.
രാജ്യത്തെ പരുത്തിക്കൃഷിയുടെ 15 ശതമാനം നിലവിൽ ബിടി പരുത്തിയാണ്. 450 ഗ്രാം വീതമുള്ള 50 ലക്ഷം പായ്ക്കറ്റ് വിത്ത് രാജ്യത്ത് വിറ്റഴിക്കുന്നതായാണ് റിപ്പോർട്ടുകൾ.