തിരുവനന്തപുരം
ലോക്ഡൗണിലെ കുടിശ്ശിക ജോലി തീർക്കാൻ സംസ്ഥാന ജീവനക്കാർ സ്വമേധയാ രംഗത്ത്. കുടിശ്ശിക ഫയൽ നിവാരണയജ്ഞത്തിന് തുടക്കമിടും. സർക്കാർ നിർദേശമില്ലാതെ, സർവീസ് സംഘടനകളുടെ ആഹ്വാനമനുസരിച്ചാണിത്. ശനി, ഞായർ ദിവസവും ജോലിയെടുത്ത് പരമാവധി ഫയൽ തീർപ്പാക്കും. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ജനറൽ കൺവീനർ എം എ അജിത്കുമാറും അധ്യാപക സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയചന്ദ്രൻ കല്ലിംഗലുമാണ് ഇതിനായി സംയുക്ത അഭ്യർഥന നടത്തിയത്.
ഡയറക്ട്രേറ്റുമുതൽ താഴെത്തട്ടുവരെ സംഘടനാ വ്യത്യസമില്ലാതെ ജീവനക്കാരെല്ലാം ഇത് ഏറ്റെടുക്കുകയാണെന്ന് ഇരുവരും പറഞ്ഞു. കോവിഡ് രണ്ടാംതരംഗത്തിൽ മെയ് എട്ടുമുതൽ പൂർണ അടച്ചുപൂട്ടലും അതിനുമുമ്പും ശേഷവും ഓഫീസിൽ ഹാജർ നിയന്ത്രണവും ഏർപ്പെടുത്തി.
ഓൺലൈൻ ജോലി സമ്പ്രദായം കൊണ്ടുവന്നെങ്കിലും എല്ലാ ഓഫീസിലും ഫയൽ നീക്കം സുഗമമായില്ല. ഇതുമൂലം ഒട്ടേറെ ഫയൽ തീർപ്പാക്കേണ്ടതുണ്ട്. ഇതിനാണ് ഒറ്റക്കെട്ടായ പ്രവർത്തനമെന്ന് ഇരുവരും പറഞ്ഞു.കുടിശ്ശിക ഫയൽ തീർപ്പാക്കാൻ സർക്കാർ ഫയൽ അദാലത്തു നടത്താറുണ്ട്. കോവിഡ് സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപനത്തിനുമുമ്പെ ജീവനക്കാർതന്നെ ഇത് ഏറ്റെടുത്തു. ഇതിനായി സംസ്ഥാന, ജില്ലാ ചുമതലയുള്ള ഓഫീസർമാരെ പദ്ധതി അറിയിക്കും. ഓഫീസ് അടിസ്ഥാനത്തിൽ ജീവനക്കാരുടെ യോഗം ചേർന്ന് പ്രവർത്തിക്കും. ആഗസ്ത് 15നകം പരമാവധി ഫയൽ തീർപ്പാക്കലാണ് ലക്ഷ്യം.