തിരുവനന്തപുരം
പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കാനും ഫെഡറൽ തത്വം അട്ടിമറിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ മതേതരത്വവും ഫെഡറലിസവും അട്ടിമറിക്കുന്ന സമീപനമാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലൂടെ കേന്ദ്രം നടത്തുന്നത്. പൊതുസാഹചര്യം പരിഗണിച്ചുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനനുസരിച്ച് സംസ്ഥാന പാഠ്യപദ്ധതി തയ്യാറാക്കുകയെന്ന സമീപനമാണ് ഇന്ത്യയിൽ ഇതുവരെ സ്വീകരിച്ചത്. സംസ്ഥാനങ്ങളുടെ പ്രാദേശിക പ്രത്യേകത പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കേണ്ടത് അനിവാര്യമാണ്. ഇതിന് വിപരീതമായി സംസ്ഥാന നിർദേശം ആദ്യം വാങ്ങി പാഠ്യപദ്ധതി ചട്ടക്കൂട് പൂർണമാക്കാനുള്ള കേന്ദ്ര ശ്രമം എതിർക്കപ്പെടണം.
ശ്യാമപ്രസാദ് മുഖർജി സ്മൃതി ന്യാസ് ട്രസ്റ്റിന്റെ പബ്ലിക് പോളിസി റിസർച്ച് സെന്റർ കേരളത്തിന്റെ ചരിത്ര പാഠപുസ്തകങ്ങളെ ഗുജറാത്തിന്റേതുമായി താരതമ്യം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി. വേദിക് കാലഘട്ടത്തെക്കുറിച്ചും രജപുത്ര സ്ത്രീകളെക്കുറിച്ചും കേരളത്തിലെ പാഠപുസ്തകത്തിലില്ലെന്ന അസംബന്ധ നിരീക്ഷണം ആ റിപ്പോർട്ടിലുണ്ട്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് നിർണയക പങ്കുവഹിച്ച സാമൂഹ്യ പരിഷ്കർത്താക്കളെ പരിചയപ്പെടുത്തുന്നതിൽ റിപ്പോർട്ട് അസ്വസ്ഥത പ്രകടിപ്പിച്ചു. കേരളത്തിലേതടക്കമുള്ള പാഠപുസ്തകം മാറ്റി എഴുതണമെന്ന നിർദേശവും ഉയർന്നു.
കേരളത്തിന്റെ ആശങ്കയ്ക്ക് തൃപ്തികരമായ വിശദീകരണത്തിന് കേന്ദ്രസർക്കാർ തയ്യാറായില്ല. മതനിരപേക്ഷത, ജനാധിപത്യം, സ്ഥിതിസമത്വം തുടങ്ങിയ ഭരണഘടനാ ദർശനവും പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടും ഉൾച്ചേർക്കുന്നതാകണം പാഠ്യപദ്ധതിയെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പ്രസ്താവനയിൽ പറഞ്ഞു.