വേങ്ങര (മലപ്പുറം)
മുസ്ലിംലീഗ് നേതാവ് കെ എം ഷാജി അനധികൃതമായി നിർമിച്ച ആഡംബര വീടിന്റെ അവകാശിയായി അവതരിച്ച വേങ്ങര വലിയോറ മുതലമാട് പടർകടവൻ അലി അക്ബറിന്റെ വളർച്ച കണ്ണഞ്ചും വേഗത്തിൽ. ലീഗ് പ്രാദേശിക നേതൃത്വത്തെ നോക്കുകുത്തിയാക്കിയാണ് ഇയാൾ അടുത്തിടെ വേങ്ങര നിയോജക മണ്ഡലം ട്രഷററായത്. ഉന്നത നേതാക്കളുമായുള്ള ബന്ധമാണ് പദവിയിലേക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന പുനഃസംഘടനയിലാണ് ഭാരവാഹിത്വം. ലീഗിലോ പോഷക സംഘടനകളിലോ ഭാരവാഹിത്വമോ പ്രവർത്തന പരിചയമോ ഇല്ലാതെയാണ് മുതിർന്ന നേതാക്കളെ വെട്ടിമാറ്റി സ്ഥാനലബ്ധി.
സൗദിയിലെ ജിസാനിൽ പ്ലാസ്റ്റിക് കവറുകൾ വിതരണംചെയ്യുന്ന ജോലിയായിരുന്നു അലി അക്ബറിന്. ചുരുങ്ങിയ കാലയളവിനുള്ളിൽ ജിദ്ദയിൽ പ്ലാസ്റ്റിക് കവർ നിർമാണ യൂണിറ്റും സൂപ്പർമാർക്കറ്റും സ്വന്തമായുള്ള ബിസിനസുകാരനായി മാറി. ജിദ്ദ കെഎംസിസി ഭാരവാഹിയായി. തെരഞ്ഞെടുപ്പിലുൾപ്പെടെ ലീഗിന്റെ ഫണ്ട് വിതരണത്തിലെ പ്രധാന കണ്ണിയായി. മക്കയിലും മദീനയിലും തീർഥാടനത്തിനെത്തുന്ന ലീഗ് നേതാക്കൾക്ക് ജിദ്ദയിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത് അക്ബറാണ്.