ന്യൂഡൽഹി
പക്ഷിപ്പനി ബാധിച്ച് ഹരിയാന സ്വദേശിയായ പന്ത്രണ്ടുകാരൻ ഡൽഹി എയിംസിൽ മരിച്ചു. ഏവിയന് ഇന്ഫ്ലുവന്സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5എന്1 മനുഷ്യരിൽ ബാധിച്ച് രാജ്യത്ത് റിപ്പോർട്ടുചെയ്ത ആദ്യ മരണമാണ് ഇത്. രക്താർബുദവും ന്യുമോണിയയും ബാധിച്ച കുട്ടിയെ ജൂലൈ രണ്ടിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിൾ അയച്ചുനടത്തിയ പരിശോധനയിൽ എച്ച് 5എന്1 സാന്നിധ്യം സ്ഥിരീകരിച്ചു. കോവിഡ് നെഗറ്റീവാണ്. ബാലനുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ ഹരിയാനയിലെ സുശീൽ ഗ്രാമത്തിലേക്ക് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മാസങ്ങൾക്കുമുമ്പ് ഹരിയാനയടക്കം നിരവധി സംസ്ഥാനത്ത് പക്ഷിപ്പനി പടരുകയും ഇറച്ചിക്കോഴികളടക്കം ചാകുകയും ചെയ്തിരുന്നു. മനുഷ്യന് താരതമ്യേന അപകടമില്ലാത്ത വൈറസിന്റെ എച്ച്5എൻ8 വകഭേദമാണ് അന്ന് കണ്ടെത്തിയത്. ജനുവരി അവസാനം കോഴികളിൽ രോഗം സ്ഥിരീകരിച്ചതോടെ കേരളം, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി എട്ടോളം സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. ഉത്തരാഖണ്ഡിലെ വനമേഖലയിൽ ദേശാടനക്കിളികൾ, കാക്കകൾ എന്നിവയ്ക്കും മഹാരാഷ്ട്രയിൽ മയിലുകൾക്കും പക്ഷിപ്പനി റിപ്പോർട്ടുചെയ്തു. ഇറച്ചിക്കോഴികളുടെ വിൽപ്പന പല സംസ്ഥാനവും ഇടക്കാലത്ത് തടഞ്ഞിരുന്നു.
എന്താണ് പക്ഷിപ്പനി
പക്ഷികളില് ശ്വാസകോശ സംബന്ധമായ രോഗമുണ്ടാക്കുന്ന പകര്ച്ചവ്യാധിയാണ് എച്ച് 5എന്1. വൈറസ് ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള് എന്നിവ വഴി രോഗാണുക്കള് മനുഷ്യരിലേക്കെത്തും. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാൽ, എച്ച് 5എന്1 ബാധിച്ചാൽ മരണനിരക്ക് 60 ശതമാനമാണ്. കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ വൈറസ് അകത്തുകടക്കും. യഥാവിധം പാകംചെയ്ത ആഹാരത്തിലൂടെ വൈറസ് പകരില്ല. പനി, തലവേദന, ഛര്ദി, വയറിളക്കം, ശരീരവേദന, ചുമ, ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്