തിരുവനന്തപുരം
നടത്തിപ്പിനായി കേന്ദ്ര സർക്കാർ കൈമാറിയെങ്കിലും അദാനി ഗ്രൂപ്പിൽ ചേരാതെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാരും. തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ ജീവനക്കാർ അതോറിറ്റി വിടില്ലെന്ന നിലപാടിലാണ്.
അദാനിക്ക് കൈമാറിയ വിമാനത്താവളങ്ങളിലെ ജീവനക്കാർ ഒന്നുകിൽ എയർപോർട്ട് അതോറിറ്റി വിട്ട് അദാനി ഗ്രൂപ്പിന്റെ ഭാഗമാകണം, അല്ലെങ്കിൽ അതോറിറ്റിയുടെ മറ്റു വിമാനത്താവളത്തിലേക്ക് മാറണമെന്നാണ് വ്യവസ്ഥ. തിരുവനന്തപുരം കൂടാതെ ജയ്പുരും ഗുവാഹത്തി വിമാനത്താവളവും അദാനിയുടെ കൈകളിലാണ്. സാങ്കേതിക മേഖലയിൽ ഉൾപ്പെടെ അറുനൂറോളം ജീവനക്കാർ ഒരു വിമാനത്താവളത്തിലുണ്ട്.
ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ രാജിവച്ച് അദാനി ഗ്രൂപ്പിന്റെ ഭാഗമാകുന്നുണ്ട്. വൻ വാഗ്ദാനമാണ് ഇവർക്ക് നൽകുന്നതെന്ന് അതോറിറ്റി ജീവനക്കാർ പറയുന്നു. എന്നാൽ, ഇതിൽ വീഴേണ്ടെന്ന തീരുമാനത്തിലാണ് സാങ്കേതിക വിഭാഗത്തിൽ ഉൾപ്പെടെയുള്ള സാധാരണ ജീവനക്കാർ. രാജിവച്ചാൽ വൻനഷ്ടം സംഭവിക്കുമെന്നും ജീവനക്കാർ പറഞ്ഞു. പിന്നീട് ആനുകൂല്യം ഇല്ലാതാകുന്ന അവസ്ഥയുണ്ടാകാം. മുമ്പ് പോയവരുടെ അനുഭവവും ഇതാണ്.
രാജ്യത്തെ വിമാനയാത്രക്കാരുടെ പത്തു ശതമാനത്തോളം കൈകാര്യം ചെയ്യുന്ന കമ്പനിയാണ് അദാനി ഗ്രൂപ്പ്. തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിനെതിരെ ജീവനക്കാരുടെ സംഘടനയും കേരള സർക്കാരും കോടതിയെ സമീപിച്ചിരിക്കുകയാണ്.