തിരുവനന്തപുരം
പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്ന ഭരണകൂട നടപടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിറ്റ്ലറുടെ നാസി ജർമനിയിൽ വ്യാപകമായി വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയിരുന്നു. ഹിറ്റ്ലർ ഭരണത്തിനെതിരെ പ്രതികരിക്കുന്നവരെ കണ്ടെത്താൻതുടങ്ങി ജൂതരെ വംശഹത്യ നടത്താൻവരെ ചോർത്തിയെടുത്ത വിവരങ്ങളാണ് ഉപയോഗിച്ചത്.
കിഴക്ക് പടിഞ്ഞാറ് യൂറോപ്പുകൾ തമ്മിലുള്ള ശീതയുദ്ധകാലത്തിനുമുമ്പ് തുടങ്ങി രണ്ടാം ലോകയുദ്ധംവരെ ഇത് നീണ്ടെന്ന് എറിക് ലാർസൺ ‘ഗാർഡൻ ഓഫ് ബീസ്റ്റ്സ്’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നാസി ഭരണകാലത്ത് ജർമനിയിലെ യുഎസ് സ്ഥാനപതിയായിരുന്ന വില്യം ഡോഡിന്റെയും കുടുംബത്തിന്റെയും ജീവിതാനുഭവങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഡോഡ്, മകൾ മാർത്ത എന്നിവരുടെ ഡയറികളിലും ബെർലിൻ എംബസിയിൽനിന്ന് വാഷിങ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആസ്ഥാനത്തേക്കുള്ള നയതന്ത്ര കേബിളുകളിലുമാണ് വിവരം ചോർത്തലിന്റെ വിശദാംശമുള്ളത്. ഡോഡിനും കുടുംബത്തിനും ചോർത്തലിനെപ്പറ്റി അറിയാമായിരുന്നെന്നും ലാർസൺ വ്യക്തമാക്കുന്നുണ്ട്.
നാസി ഭരണകൂടത്തിന് വിവരം ശേഖരിക്കാനും അവലോകനത്തിനും വിപുലമായ സംവിധാനമുണ്ടായിരുന്നു. ഒരു രാജ്യം ആദ്യമായി വളരെ കൃത്യമായി വിവരശേഖരണം നടത്തിയത് നാസി ഭരണകാലത്താണ്. ജർമൻ ഹോളറിത്ത് മെഷീൻസ് (ഡെഹോമാഗ്) എന്ന കമ്പനിയാണ് ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്. അമേരിക്കൻ കമ്പനിയായ ഐബിഎമ്മിന്റെ അനുബന്ധ സ്ഥാപനമാണ് ഇത്. രണ്ടാം ലോകയുദ്ധത്തിന് മുമ്പും ശേഷവും ജർമൻ സർക്കാരിനായി വിവരശേഖരണത്തിനും വിശകലനത്തിനുമുള്ള കുത്തകാവകാശം ഈ കമ്പനിക്കായിരുന്നു. നാസി ഏജന്റുമാർ തങ്ങളുടെ മൈക്രോഫോൺ വിവരം ചോർത്തേണ്ടവരുടെ ടെലിഫോണിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു രീതി.
ജൂതരെ കണ്ടെത്താൻ പഞ്ച് കാർഡ്
ജർമൻ സെൻസസിൽ ഐബിഎം തയ്യാറാക്കിയ പഞ്ച് കാർഡുകളാണ് ജൂതരുടെ വിവരശേഖരണത്തിന് ഉപയോഗിച്ചിരുന്നത്. മതം, ജനിച്ച രാജ്യം, മാതൃഭാഷ തുടങ്ങിയവ രേഖപ്പെടുത്താൻ ഒരേ ശ്രേണിയിലുള്ള പഞ്ച് കാർഡുകൾ രൂപകൽപ്പന ചെയ്തിരുന്നു. ഇതിൽ പ്രത്യേക കള്ളി ഉണ്ടാക്കിയാണ് ജൂതർ, പോളണ്ടുകാർ തുടങ്ങിയവരുടെ വിവരം ശേഖരിച്ചത്. ഇതിലൂടെ മണിക്കൂറിൽ 25,000 കാർഡ് എന്ന രീതിയിൽ തരംതിരിക്കാനും ജൂതരെ കണ്ടെത്താനും നാസികൾക്ക് കഴിഞ്ഞിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് ജൂതകൂട്ടക്കൊല നടന്നത്. ഇപ്പോൾ ചാര വൈറസുകൾ ലോകമാകെ സർക്കാരുകൾക്ക് നൽകുന്നത് ജൂതരാഷ്ട്രത്തിൽനിന്നാണെന്നത് മറ്റൊരു വിരോധാഭാസമാണ്.