ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിനെതിരെ പ്രക്ഷോഭരംഗത്തുണ്ടായിരുന്ന വടക്കുകിഴക്കൻ മേഖലയിലെ പ്രമുഖരും പെഗാസസ് നിരീക്ഷണത്തിൽ ഉൾപ്പെട്ടു. അസമിലെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (എഎഎസ്യു) നേതാവ് സമുജാൽ ഭട്ടാചാര്യ, സമാധാനപക്ഷത്തുള്ള ഉൾഫ വിഭാഗം നേതാവ് അനുപ് ചെതിയ, മണിപ്പുർ സാഹിത്യകാരൻ മാലെം നിങ്തുജ തുടങ്ങിയവരെയാണ് നിരീക്ഷിച്ചത്.
അസമിലെ തദ്ദേശീയരുടെ അവകാശസംരക്ഷണങ്ങൾ ഉറപ്പുവരുത്താൻ ഒപ്പുവച്ച അസം കരാറിലെ സുപ്രധാനമായ ആറാം വകുപ്പ് നടപ്പാക്കാൻ നിയോഗിച്ച ഉന്നതതലസമിതി 2019 ജൂലൈയിൽ കേന്ദ്രം പുനഃസംഘടിപ്പിച്ചിരുന്നു. അസമുകാർക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് 1985ൽ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറിലെ ആറാം വകുപ്പ്. തുടക്കത്തിൽ എഎഎസ്യു നേതാക്കൾ സമിതിയിൽ ഉൾപ്പെട്ടിരുന്നില്ല. വലിയ സമ്മർദത്തെ തുടർന്നാണ് സമിതി പുനഃസംഘടിപ്പിച്ചത്. ഈ സമിതിയിൽ അംഗമായി ആറു മാസത്തിനുള്ളിലാണ് ഭട്ടാചാര്യയുടെ ഫോൺ പെഗാസസ് നിരീക്ഷണത്തിൽ വന്നത്. സിഎഎക്കെതിരായി എഎഎസ്യു നേതാക്കൾ ഉൾപ്പെടെ വലിയ പ്രതിഷേധം അസമിൽ ഉയർത്തിയിരുന്നു.
ഉൾഫ (പ്രോഗ്രസീവ്) നേതാവാണ് പെഗാസസ് നിരീക്ഷണത്തിലുള്ള അനുപ് ചെതിയ. ഇദേഹത്തിന്റെ രണ്ട് ഫോൺ നമ്പരിൽ ഒന്നാണ് പെഗാസസ് ഇരയാക്കിയത്. ഒരു നമ്പർ അസം പൊലീസ് നൽകിയതാണ്. ഈ നമ്പർ നേരത്തെ നിരീക്ഷിക്കുന്നതായി ചെതിയ പറഞ്ഞു. 2016ലെടുത്ത രണ്ടാമത്തെ നമ്പർ 2018 പകുതിമുതൽ നിരീക്ഷിച്ചു. സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിലും അനുപ് ചെതിയ മുന്നിലുണ്ടായിരുന്നു.
ഡൽഹിയിൽ താമസമാക്കിയ മണിപ്പുരി എഴുത്തുകാരൻ മാലെം നിങ്തുജയ്ക്ക് ഡൽഹിയിൽ വടക്കുകിഴക്കൻ വിഭാഗക്കാർക്ക് എതിരായ വംശീയാതിക്രമം ചെറുക്കാൻ രൂപീകരിച്ച മണിപ്പുർ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഡൽഹിയുമായി അടുത്ത ബന്ധമുണ്ട്. ഈ സംഘടന സിഎഎക്കെതിരെ നിരവധി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. സംഘടനയുടെ ഉപദേശകനായ തോക്ചോം വീവോണിനെ സിഎഎക്കെതിരായ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പേരിൽ 2019 ഫെബ്രുവരിയിൽ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. ഈ ഘട്ടത്തിലാണ് നിങ്തുജയുടെ ഫോൺ നിരീക്ഷിച്ചുതുടങ്ങിയത്.