തിരുവനന്തപുരം
പുകയുന്ന പുനഃസംഘടനാ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഏകപക്ഷീയ നീക്കം തടയാൻ ഹൈക്കമാൻഡ്. എഐസിസി സെക്രട്ടറിമാരെ രംഗത്തിറക്കിയാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ തമ്പടിച്ച സെക്രട്ടറിമാർ ഇതിനായി ഒരു വരവുകൂടി വരും. പി വി വിശ്വനാഥൻ, ഐവാൻ ഡിസൂസ, പി വി മോഹനൻ എന്നിവരാണ് എട്ട് ദിവസം സംസ്ഥാനത്തുണ്ടാകുക.
ഗ്രൂപ്പിനെ അവഗണിച്ച് പുനഃസംഘടന നടത്താനായിരുന്നു സുധാകരന്റെ നീക്കം. ഡിസിസി പുനഃസംഘടനയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നു. അതേസമയം, സുധാകരനെ കരുവാക്കി കേരള നേതാവാകാനാണ് കെ സി വേണുഗോപാലിന്റെ നീക്കം. ഇതിലെല്ലാം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് എഐസിസി സെക്രട്ടറിമാരുടെ രംഗപ്രവേശം. ഉമ്മൻചാണ്ടി, ചെന്നിത്തല ഒഴികെയുള്ള ഒരു നേതാവിനെയും സുധാകരൻ മൈൻഡ് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രനെ ഫോൺവഴിപോലും ബന്ധപ്പെടാറില്ല. ഇതൊക്കെ മുന്നിൽക്കണ്ട് എല്ലാവരുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കമാൻഡ് സുധാകരന് നിർദേശം നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പി വിശ്വനാഥനും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഐവാൻ ഡിസൂസയും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പി വി മോഹനനും പാർടി നേതാക്കളുമായി ആശയവിനിമയം നടത്തും. അതിനുശേഷം ഇവർ ഹൈക്കമാൻഡിന് വെവ്വേറെ റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടന സംബന്ധിച്ച അന്തിമ ചർച്ച നടക്കും. ആഗസ്തിൽ പുനഃസംഘടന നടത്താനായിരുന്നു സുധാകരന്റെ നീക്കം. ഇത് നീളാനാണ് സാധ്യത. ഡിസിസി പുനഃസംഘടനയിൽ ഹൈക്കമാൻഡ് ഇടപെട്ടതിൽ സുധാകരൻ അസ്വസ്ഥനായിരുന്നു.