ന്യൂഡൽഹി
ഭരണഘടനാ ഭേദഗതിയിലെ സുപ്രധാന ഭാഗം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ സഹകരണമേഖല പിടിച്ചടക്കാനുള്ള മോഡിസർക്കാർ നീക്കം തടയുന്ന സുപ്രധാന നിരീക്ഷണങ്ങൾ. സഹകരണമേഖല അടക്കിഭരിക്കാനുള്ള മോഡിസർക്കാരിന്റെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയായി. ജൂലൈ ആദ്യംനടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിലാണ് പുതിയതായി സഹകരണ മന്ത്രാലയം രൂപീകരിച്ചത്. സഹകരണമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് പുതിയ മന്ത്രാലയമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് സഹകരണം സംസ്ഥാന വിഷയമായതിനാൽ ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് ഇതെന്ന് പ്രതിപക്ഷം വിമർശിച്ചു. കേന്ദ്ര സർക്കാർ നീക്കം ഭരണഘടനാപരമായി നിലനിൽക്കുമോ? അത് ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണോ? എന്നീ ചോദ്യങ്ങളുമുയർന്നു. ഈ വിമർശങ്ങൾക്കും ചോദ്യങ്ങൾക്കും കൂടുതൽ ശക്തിയേകുന്ന വിധിന്യായമാണ് ജസ്റ്റിസ് റോഹിന്റൺ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്.
1) ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടികയിൽ ഉൾപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് സവിശേഷാധികാരമുണ്ട്. ഇത് ഭരണഘടനയുടെ അർധ ഫെഡറൽ സ്വഭാവത്തിന്റെ ഭാഗമാണ്.
2) ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടികയിലെ ഏതെങ്കിലും വിഷയത്തിൽ കൂട്ടിച്ചേർക്കലുകളോ വെട്ടിത്തിരുത്തലുകളോ നടത്തുന്നത് ആ വിഷയം ‘മാറ്റുന്നതിന്’തുല്യമാണ്. അതുകൊണ്ട് അത്തരം നീക്കങ്ങൾക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമുണ്ട്.
3) സഹകരണസംഘങ്ങൾ പൂർണമായും സംസ്ഥാന നിയമസഭകളുടെ അധികാരപരിധിയിലുള്ള കാര്യമാണ്. പാർലമെന്റിന് ബഹുസംസ്ഥാന സഹകരണസംഘങ്ങളെ ബാധിക്കുന്ന നിയമനിർമാണങ്ങൾക്ക് മാത്രമേ അധികാരമുള്ളൂ – തുടങ്ങി വിധിന്യായത്തിലെ നിരീക്ഷണങ്ങൾ ഭാവിയിൽ ഏറെ നിർണായകമാകും. ഈ സാഹചര്യത്തിൽ പുതിയ മന്ത്രാലയത്തിന് സംസ്ഥാന സഹകരണസംഘങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് നിയമവൃത്തങ്ങളും പറയുന്നു.
കേരളത്തിന് കരുത്താകും
ജി രാജേഷ്കുമാർ
സഹകരണമേഖലയിൽ സംസ്ഥാനങ്ങൾക്കുള്ള പൂർണാധികാരം അംഗീകരിച്ച സുപ്രീംകോടതി വിധി കേരളത്തിന് വലിയ കരുത്തേകും. സഹകരണം സംസ്ഥാന വിഷയമാണെന്നും സഹകരണ ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള സംസ്ഥാന സർക്കാർ നിലപാടിനെ കോടതി വിധി സാധൂകരിക്കുന്നു. കേരളത്തിന്റെ സമാന്തര സമ്പദ്വ്യവസ്ഥയായ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കും സഹകരണവായ്പാ മേഖലയിലടക്കം കൈവയ്ക്കാൻ കച്ചകെട്ടിയവർക്കും കോടതി നിലപാട് തിരിച്ചടിയായി.
2011ൽ യുപിഎ സർക്കാർ കൊണ്ടുവന്ന 97–-ാം ഭരണഘടനാ ഭേഗതിക്ക് അനുസൃതമായി അന്നത്തെ യുഡിഎഫ് സർക്കാർ സംസ്ഥാന സഹകരണനിയമവും ഭേദഗതി ചെയ്തു. ഇത് കേന്ദ്രത്തിന് കടന്നുകയറാൻ അവസരമൊരുക്കുമെന്ന് എൽഡിഎഫ് മുന്നറിയിപ്പുനൽകിയിരുന്നു. സുപ്രീംകോടതി വിധിയിലൂടെ ഇതിന്റെ പുനഃപരിശോധനയ്ക്കും അവസരമൊരുങ്ങും.
വിധി അനുകൂലമാണെങ്കിലും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഭീഷണി പൂർണമായും ഒഴിയുന്നില്ലെന്ന് പ്രാഥമിക കാർഷികവായ്പാ സഹകരണസംഘം അസോസിയേഷൻ പ്രസിഡന്റ് വി ജോയി എംഎൽഎ പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്തുതന്നെ പ്രത്യക്ഷ നികുതി വകുപ്പ് അടക്കം സഹകരണമേഖലയിൽ വട്ടമിട്ടുതുടങ്ങിയിരുന്നു. ഇപ്പോഴും കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സഹകരണസ്ഥാപനങ്ങളെ ഉന്നംവയ്ക്കുന്നു. സഹകരണ മന്ത്രാലയം, ആർബിഐക്ക് നൽകിയ അമിതാധികാരങ്ങൾ, ആദായനികുതി വകുപ്പും ഇഡിയുമടക്കം കേന്ദ്ര ഏജൻസികളുടെ അനാവശ്യ ഇടപെടലുകൾ എന്നിവ ഇതിലേക്കുള്ള വഴികളാണ്. പുതിയ സാഹചര്യത്തിൽ ഭരണഘടനാ ഭേദഗതി വീണ്ടും പാർലമെന്റിൽ എത്തിയേക്കാം. കോടതി വിധി മറികടക്കാനുള്ള നീക്കങ്ങളിൽ ജാഗ്രത വേണമെന്നും വി ജോയി പറഞ്ഞു.