ഇടുക്കി > സംഭരണിയിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം ഉയർത്തി. ബുധനാഴ്ച മുതൽ 15.43 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ആറ് ജനറേറ്ററും പ്രവർത്തിപ്പിച്ചുവരുന്നു. എല്ലാ ജനറേറ്ററുകളിലേയും ആകെ ശേഷി 19 ദശലക്ഷം യൂണിറ്റാണ്. കാലവർഷം ആരംഭിച്ച ശേഷം ഇതാദ്യമാണ് ഇത്രയും വൈദ്യുതോൽപ്പാദനം നടക്കുന്നത്.
ഡാമിൽ എത്തിച്ചേരുന്ന പുഴകളിലും തോടുകളിലും വെള്ളം വർധിച്ചു. കൂടാതെ സംഭരണിയിലേക്കുള്ള ജലത്തിനാവശ്യമായി നിർമിച്ചിട്ടുള്ള ആറ് ചെറുഡാമുകളിലും ജലനിരപ്പ് ഉയർന്നു. ഇടുക്കി സംഭരണിയിലിപ്പോൾ ശേഷിയുടെ 58.40 ശതമാനം വെള്ളം ഉണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം 32.13 ശതമാനമായിരുന്നു ജലനിരപ്പ്.
സംഭരണിയിൽ ശരാശരി ഒരടി ജലം ദിവസേന ഉയരുന്നുണ്ട്. ചൊവ്വാഴ്ച ശേഷിയുടെ 58. 30 ശതമാനം വെള്ളം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പദ്ധതി മേഖലയിൽ 10.4 മി.മീറ്റർ മഴ പെയ്തു. വൈകിട്ടോടെ പീരുമേട്ടിലും മൂന്നാറിലും കനത്ത മഴ പെയ്തു. ഇടുക്കിയിൽ ഇനി എട്ടടിയിൽ കൂടുതലായാൽ മാത്രമെ നീല അലെർട്ട് പ്രഖ്യാപിക്കുകയുള്ളൂ. 2372.58 ൽ എത്തിയാലെ ജാഗ്രതാ നിർദേശം നൽകൂ. 2403 അടിയാണ് ഇടുക്കിയുടെ പരമാവധി ശേഷി. മുല്ലപ്പെരിയാറിലും ജലനിരപ്പ് 136 അടി പിന്നിട്ടു.