തിരുവനന്തപുരം > പൊതുമരാമത്ത്, ടൂറിസം വകുപ്പുകളെ കൂടുതല് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഇപ്പോള് രണ്ട് മാസം പിന്നിടുകയാണ്. രണ്ട് മാസത്തെ പ്രവര്ത്തനങ്ങള് പകര്ന്ന പുതിയ അനുഭവങ്ങളാണ് ഇനി മുന്നോട്ടുള്ള പാതയെന്നും റിയാസ് പറഞ്ഞു.
രണ്ട് മാസത്തിനുള്ളില് 14 ജില്ലകളിലും സന്ദര്ശനം നടത്തുകയുണ്ടായി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്ന്ന് നിര്മ്മാണ പ്രവൃത്തികള് അവലോകനം ചെയ്തുവരികയാണ്. നിര്മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങള് സന്ദര്ശിച്ച് ജനങ്ങളോട് സംസാരിക്കാനും പ്രശ്നങ്ങള് മനസിലാക്കാനും ശ്രമിച്ചിട്ടുണ്ട്. പ്രവൃത്തികളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാനും പുതിയ പദ്ധതികള് ആസൂത്രണം ചെയ്യാനും സന്ദര്ശനങ്ങളും അവലോകന യോഗങ്ങളും സഹായിക്കുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ പരാതിപരിഹാര സെല്ലിനെ വിപുലീകരിച്ച് ജനങ്ങളുടെ പരാതികളില് വേഗത്തില് തുടര്നടപടി സ്വീകരിക്കുന്ന രീതി സ്വീകരിച്ചുവരികയാണ്. ജനങ്ങളില് നിന്നും നേരിട്ട് പരാതികള് കേള്ക്കാന് റിംഗ് റോഡ് ഫോണ് ഇന് പരിപാടി ആരംഭിച്ചു. പരാതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് അന്വേഷിക്കുകയും പരാതിക്കാരന് അപ്പോള് തന്നെ മറുപടി നല്കുകയും ചെയ്യുന്ന ഈ പരിപാടിയിലൂടെ ജനങ്ങള്ക്ക് നേരിട്ട് കാര്യങ്ങള് അറിയിക്കുവാനുള്ള സാഹചര്യം ഉണ്ടാകുന്നുണ്ട്. മഹാഭൂരിപക്ഷം പരാതികളും പൊതുവിഷയങ്ങളാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുമായി ബന്ധപ്പെട്ട പരാതികള് മൊബൈല് ഫോണ് വഴി ഫോട്ടോസഹിതം നല്കാന് കഴിയുന്ന പിഡബ്ല്യുഡി4യു ആപ്പ് സംവിധാനം ജനങ്ങളെ പദ്ധതികളുടെ കാവല്ക്കാരാക്കി. ഇതിനകം 8000 ത്തോളം പരാതികള് ആപ്പില് രജിസ്റ്റര് ചെയ്യപ്പെട്ടിട്ടുണ്ട്.
റോഡിലെ കുഴികള് നികത്തല്, റോഡരികില് കൂട്ടിയിട്ട വാഹനങ്ങള്, മരങ്ങള് തുടങ്ങിയവ നീക്കം ചെയ്യല്, വെള്ളക്കെട്ട് പരിഹരിക്കല്, ഡ്രൈനേജ് പ്രശ്നം എന്നിങ്ങനെ നിരവധി പരാതികളില് അടിയന്തിര നടപടി സ്വീകരിക്കാന് റിംഗ് റോഡ് പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്. പോലീസ് കേസിന്റെ ഭാഗമായി റോഡരികില് കൂട്ടിയിട്ട വാഹനങ്ങള് നീക്കം ചെയ്യാന് പീന്നിട് ഡിജിപി തന്നെ ഉത്തരവിറക്കി. റോഡരികിലെ അനധികൃത പരസ്യബോര്ഡുകള് നീക്കം ചെയ്യാനും വകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങള് അളന്നുതിട്ടപ്പെടുത്താനും നടപടികള് ആരംഭിച്ചു. സോഷ്യല്മീഡിയയില് വരുന്ന പരാതികളും ഇതോടൊപ്പം പരിശോധിച്ച് തുടര്നടപടികള് സ്വീകരിച്ചുവരുന്നുണ്ട്. ദേശീയപാത, പഞ്ചായത്ത് റോഡുകള് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കൂടുതലായി വരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള് മാത്രമാണ് സ്വീകരിക്കുന്നത്.
പിഡബ്ല്യുഡി റസ്റ്റ്ഹൗസ് നവീകരണ പദ്ധതി തയ്യാറാക്കലും നടന്നുവരികയാണ്. സ്ത്രീകള്, കുട്ടികള്, വിദ്യാര്ത്ഥികള്, ഉദ്യോഗാര്ത്ഥികള്, സഞ്ചാരികള് എന്നിങ്ങനെ എല്ലാതരം ജനങ്ങള്ക്കും ഒരുപോലെ ആശ്രയിക്കാന് പറ്റുന്ന ഇടമായി റസ്റ്റുഹൗസുകളെ മാറ്റുകയാണ് ലക്ഷ്യം. വാട്ടര് അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളെ കൂടി ഉള്പ്പെടുത്തി റോഡുകളുടെ സംരക്ഷണത്തിനായി സമഗ്രമായ ഒരു വെബ് പോര്ട്ടല് വികസിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഒരു പൊതുവിഷയം എന്ന നിലയിലാണ് നാഷണല് ഹൈവെ അതോറിറ്റിയുടെ കീഴിലുള്ള കുതിരാന് തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില് സര്ക്കാര് ഇടപെട്ടത്. മുഖ്യമന്ത്രി വിളിച്ചുചേര്ത്ത യോഗതീരുമാനത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം തന്നെ തുരങ്കം തുറക്കുന്നതിന് വേണ്ടിയുള്ള പ്രവൃത്തിയാണ് നടന്നുവരുന്നത്. മൂന്ന് തവണ നേരിട്ട് സന്ദര്ശിച്ച് പ്രവൃത്തി അവലോകനം നടത്തി. ഓരോഘട്ടത്തിലും ഇടപെട്ട് പ്രശ്നങ്ങള് പരിഹരിച്ച് നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് ആദ്യം തന്നെ തുരങ്കത്തിന്റെ ഒരു ടണല് തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ എല്ലാ സുരക്ഷാപരിശോധനകളും പൂര്ത്തിയാക്കിയതിന് ശേഷം നാഷണല് ഹൈവെ അതോറിറ്റിയാണ് ഒരു ടണല് തുറക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത്.
രണ്ട് മാസത്തെ പ്രവര്ത്തനങ്ങള് പകര്ന്ന പുതിയ അനുഭവങ്ങളാണ് ഇനി മുന്നോട്ടുള്ള പാത. വര്ഷത്തില് മൂന്ന് തവണ ജില്ലാതല അവലോകന യോഗങ്ങള് ചേര്ന്ന് പദ്ധതി പുരോഗതികള് വിലയിരുത്തും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്ത്തനം ഉറപ്പുവരുത്തും.
14 ജില്ലകളിലായി അറുപതോളം നിയമസഭാ മണ്ഡലങ്ങളില് സന്ദര്ശനം നടത്തിയപ്പോള് ലഭിച്ച ജനങ്ങളുടെ പിന്തുണ തുടര്ന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.