കൊച്ചി > ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോക്ടറുടെ വിശദമായ മൊഴിയെടുക്കും. കഴിഞ്ഞവർഷം ജൂണിൽ റിനൈ മെഡിസിറ്റിയിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി അനന്യ ആരോപിച്ചിരുന്നു.
ശസ്ത്രക്രിയക്കുശേഷം ഏറെനേരം എഴുന്നേറ്റുനിൽക്കാൻ കഴിയുന്നില്ലെന്നും ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നും അനന്യ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഫ്ലാറ്റിൽ ബുധനാഴ്ച കളമശേരി പൊലീസ് വീണ്ടും പരിശോധന നടത്തി. റിനൈ മെഡിസിറ്റിയിൽനിന്ന് മെഡിക്കൽ റെക്കോഡുകളും ശേഖരിച്ചു. ഫോറൻസിക് വിഭാഗവും ഫ്ലാറ്റിലെത്തി പരിശോധന നടത്തി. എറണാകുളം മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. മെഡിക്കല് കോളേജ് ഫോറന്സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പോസ്റ്റുമോര്ട്ടം നടത്തുന്നത്. ഇതിനുശേഷം പൊലീസ് അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് അനന്യയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അനന്യക്കൊപ്പം ഒരു സുഹൃത്തും ഫ്ലാറ്റിലുണ്ടായിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോഴായിരുന്നു ആത്മഹത്യ. അകത്തുനിന്ന് വാതിൽ പൂട്ടിയനിലയിലായിരുന്നു. സുഹൃത്ത് നിരവധിതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിന്റെ കെയർ ടേക്കർ എത്തിയാണ് വാതിൽ തുറന്നത്.