ന്യൂഡൽഹി
ഒന്നരവർഷത്തിനിടെ ഇന്ത്യയിൽ ഏകദേശം 50 ലക്ഷം പേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകാമെന്ന് അമേരിക്കൻ പഠനം. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് മഹാമാരിയെന്നും വാഷിങ്ടണിലെ സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റിന്റെ പഠന റിപ്പോർട്ട് വിലയിരുത്തി. 2020 ജനുവരിമുതൽ 2021 ജൂൺവരെയായിരുന്നു പഠന കാലയളവ്. എന്നാൽ, ഔദ്യോഗിക കണക്കിൽ രാജ്യത്ത് 4.19 ലക്ഷം പേരാണ് കോവിഡിനിരയായത്. സിറോ സർവേകൾ, വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേകൾ, ഔദ്യോഗിക കണക്കുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട്. മോഡി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ഉൾപ്പടെ മൂന്നുപേരാണ് ഇത് തയ്യാറാക്കിയത്.
ഏഴ് സംസ്ഥാനത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തവമാത്രം പരിശോധിച്ചാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 34 ലക്ഷം അധിക മരണമുണ്ടായി. പ്രായാടിസ്ഥാനത്തിലുള്ള കോവിഡ് മരണനിരക്കിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉപയോഗിച്ചുള്ള വിശകലനത്തിൽ അധിക മരണസംഖ്യ 40 ലക്ഷം കടന്നു. എല്ലാ സംസ്ഥാനങ്ങളിലെയും വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേ പ്രകാരം അധികമരണം 49 ലക്ഷം കടന്നു. എട്ടുലക്ഷത്തിലധികം പേർ പങ്കെടുത്ത സർവേയാണ് ഇത്. ഔദ്യോഗിക മരണകണക്കിനെ അപേക്ഷിച്ച് പലമടങ്ങ് അധികം മരണം സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്ന് റിപ്പോർട്ടിൽ ആവർത്തിച്ചിട്ടുണ്ട്.
ആദ്യ കോവിഡ് തരംഗത്തിൽനിന്ന് പാഠമുൾക്കൊള്ളാൻ അധികൃതർക്ക് കഴിഞ്ഞില്ല. അതിന്റെ ഫലമായി രണ്ടാംതരംഗത്തെ നേരിടുന്നതിൽ വലിയ ജാഗ്രതക്കുറവുണ്ടായി. ഓക്സിജൻ, മരുന്ന്, അവശ്യവസ്തുക്കൾ തുടങ്ങിയവയുടെ ക്ഷാമം രണ്ടാംതരംഗത്തിൽ മരണസംഖ്യ ഉയർത്തിയതായും റിപ്പോർട്ട് വിലയിരുത്തുന്നു.