കൊച്ചി
ആയുധനിർമാണ കമ്പനികൾ വിൽക്കുന്നതിനെതിരെയും പ്രതിരോധമേഖലയിൽ പണിമുടക്ക് നിരോധിച്ച കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും വെള്ളിയാഴ്ച സംസ്ഥാനത്തെ പതിനായിരം കേന്ദ്രത്തിൽ തൊഴിലാളികൾ ധർണ നടത്തും. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമാണിത്. കോവിഡ് മാനദണ്ഡം പാലിച്ച് പകൽ 11 മുതൽ 12 വരെയാണ് ധർണയെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ 41 ഓർഡിനൻസ് ഫാക്ടറി സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആയുധനിർമാണ മേഖലയിലെ മുഴുവൻ ഫെഡറേഷനുകളും ജീവനക്കാരും 26 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പണിമുടക്ക് നിരോധിച്ച് ജൂൺ 30ന് കേന്ദ്രസർക്കാർ ഉത്തരവിറക്കി. പണിമുടക്കാനും പ്രതിരോധിക്കാനുമുള്ള തൊഴിലാളികളുടെ അവകാശത്തെ നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയെ അംഗീകരിക്കാനാകില്ലെന്നും ഇത് ഭാവിയിൽ എല്ലാ തൊഴിൽമേഖലകളിലും ബാധകമാക്കാൻപോകുന്ന നിയമമാണെന്നും ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംയുക്ത ട്രേഡ് യൂണിയൻ സമിതി കൺവീനറും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷ്റഫ്, ടിയുസിഐ സംസ്ഥാന സെക്രട്ടറി ടി ബി മിനി, ജെടിയുസി സംസ്ഥാന സെക്രട്ടറി മനോജ് പെരുമ്പിള്ളി, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് രഘുനാഥ് പനവേലി, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ, എഐടിയുസി എറണാകുളം ജില്ലാ സെക്രട്ടറി കെ എൻ ഗോപി എന്നിവർ പങ്കെടുത്തു.