മലപ്പുറം
ലണ്ടൻ ഒളിമ്പിക്സിൽ (2012) നടത്തത്തിൽ പത്താംസ്ഥാനം നേടിയ കെ ടി ഇർഫാന് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത പന്തല്ലൂർ എച്ച്എസ്എസിലെ എം പി ജാബിർ എന്ന കൊച്ചു കായികതാരത്തിന് എല്ലാം ആകാംക്ഷയായിരുന്നു. സ്വീകരണം ആവേശത്തോടെ കണ്ട് മടങ്ങിയ അവൻ കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞു ‘ഞാനും ഒളിമ്പിക്സിൽ പങ്കെടുക്കും’.
സംസ്ഥാന സ്കൂൾ കായികമേളയിൽ മാത്രം പങ്കെടുത്തിട്ടുള്ള ആ ബാലന്റെ വാക്കുകൾ അന്ന് ആരും ഗൗരവത്തിലെടുത്തില്ല. ഒളിമ്പിക്സ് ലണ്ടനിൽനിന്ന് റിയോ വഴി ടോക്യോയിൽ എത്തുമ്പോൾ ഇന്ത്യൻ ജേഴ്സി അവനുണ്ട്. പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസിലാണ് മലപ്പുറം ജില്ലയിലെ പന്തല്ലൂർ മുടിക്കോട് സ്വദേശിയായ എം പി ജാബിർ രാജ്യത്തിനായി ട്രാക്കിലിറങ്ങുന്നത്. ലോക റാങ്കിലെ 32–-ാംസ്ഥാനമാണ് ഒളിമ്പിക്സിന് വഴിയൊരുക്കിയത്. അതേക്കുറിച്ച് ജാബിർ പറയുന്നു:
പ്രതീക്ഷകൾ ഏറെ
ഒളിമ്പിക്സിൽ നല്ല പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രണ്ടുവർഷമായി പട്യാലയിലെ ഇന്ത്യൻ ക്യാമ്പിലാണ്. എതൊരു താരത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് ഒളിമ്പിക്സ്. ആ വേദിയിൽ എത്താനായതിൽ സന്തോഷം. 2019ൽ ഖത്തറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിലെ 49.13 സെക്കൻഡാണ് മികച്ച സമയം. കോവിഡ് കാരണം കഴിഞ്ഞ ഒന്നരവർഷമായി കാര്യമായ മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ല. അതാണ് റാങ്ക് 21ൽനിന്ന് 32ലേക്ക് പോയത്.
പി ടി ഉഷയ്ക്കുശേഷം മലയാളി
400 മീറ്റർ ഹർഡിൽസിൽ യോഗ്യത നേടുന്ന ആദ്യ പുരുഷതാരമാണ്. 1984ൽ പി ടി ഉഷയുടെ പ്രകടനവും മെഡൽ നഷ്ടവും ഇന്നും എല്ലാവരും ഓർക്കുന്നു. പി ടി ഉഷയെപ്പോലെ വലിയൊരു താരം മത്സരിച്ച ഇനത്തിൽ ഒളിമ്പിക്സിന് യോഗ്യത നേടുന്നതും ഭാഗ്യമാണ്.
പന്തല്ലൂർ സ്കൂൾ തുടക്കം
പന്തല്ലൂർ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് 400 മീറ്ററിലാണ് മത്സരിച്ചുതുടങ്ങിയത്. പ്ലസ്ടുവിന് തവനൂർ കേളപ്പൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ചേർന്നതോടെ 400 മീറ്റർ ഹർഡിൽസിൽ ശ്രദ്ധിക്കാൻ തുടങ്ങി. പന്തല്ലൂർ സ്കൂളിലെ കായികാധ്യാപകനായ വി പി സുധീർ, തവനൂർ പ്രൊഫഷണൽ സ്പോർട്സ് അക്കാദമിയിലെ എം വി അജയൻ, കോട്ടയം സ്പോർട്സ് ഹോസ്റ്റലിലെ വിനയചന്ദ്രൻ എന്നിവരാണ് ആദ്യകാലത്തെ പ്രധാന പരിശീലകർ. ഇപ്പോൾ അമേരിക്കൻ കോച്ച് ഗലീന ബുക്കാറിനയുടെ കീഴിലാണ് പരിശീലനം. മലയാളി കോച്ച് രാജ്മോഹനും പട്യാലയിലുണ്ട്. കോട്ടയം സിഎംഎസ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ നേവിയിൽ ജോലി കിട്ടി.
മകനെക്കുറിച്ച് അഭിമാനം
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ജാബിറിനെക്കുറിച്ച് പറയാൻ മാതാപിതാക്കളായ പന്തല്ലൂർ മുടിക്കോട് മദാരിപള്ളിയാളി ഹംസയ്ക്കും ഷെറീനയ്ക്കും നൂറുനാവ്. അവന്റെ തളരാത്ത പോരാട്ടത്തിന് ലഭിച്ച അംഗീകാരമാണിത്. നേട്ടത്തിൽ അഭിമാനംകൊള്ളുകയാണ് മദാരിപള്ളിയാളി കുടുംബം.