ടോക്യോ
ഒടുവിൽ ടോക്യോ ഉണരുകയാണ്. കോവിഡിന്റെ ആശങ്കകളുണ്ട്. ജനങ്ങളുടെ പ്രതിഷേധമുണ്ട്. അവസാന നിമിഷം റദ്ദാക്കപ്പെടുമോയെന്ന സംശയവും അനശ്ചിതത്വവും. എങ്കിലും നേരത്തേ നിശ്ചയിച്ചപ്രകാരം കളികൾ തുടങ്ങുകയായി. ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ മത്സരങ്ങൾ ഇന്ന് തുടങ്ങും. സോഫ്റ്റ്ബോൾ, ഫുട്ബോൾ എന്നിവയുടെ പ്രാഥമിക റൗണ്ടാണ് ഇന്നും നാളെയുമായി ആരംഭിക്കുക.
ഇന്ന് വനിതാ ഫുട്ബോളാണ്. ബ്രസീൽ ചൈനയെയും അമേരിക്ക സ്വീഡനെയും നേരിടുന്നുണ്ട്. നാളെ തുടങ്ങുന്ന പുരുഷ ഫുട്ബോളിൽ അർജന്റീന ഓസ്ട്രേലിയയെയും മെക്സിക്കോ ഫ്രാൻസിനെയും നേരിടുന്നുണ്ട്. ബ്രസീലിന് ജർമനിയാണ് എതിരാളി. ജപ്പാൻ ഇന്ത്യയേക്കാൾ സമയക്രമത്തിൽ മൂന്നരമണിക്കൂർ മുന്നിലാണ്. അതിനാൽ മത്സരങ്ങൾ ഇന്ത്യൻ സമയം പുലർച്ചെ ആരംഭിച്ച് വൈകിട്ടോടെ അവസാനിക്കും. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് മൂന്ന് മണിക്കൂർ നീളും. 24 മുതൽ മെഡൽ നിർണയിക്കുന്ന മത്സരങ്ങൾ തുടങ്ങും. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് ആദ്യ മെഡൽ പിറക്കുക. ഒളിമ്പിക്സിന് എത്തുന്നവർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
127 അത്ലീറ്റുകളാണ് ഇന്ത്യക്കായി അണിനിരക്കുന്നത്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ ടീമിനെയാണ് ഇക്കുറി അയയ്ക്കുന്നത്. ആദ്യസംഘം ടോക്യോയിൽ എത്തി പരിശീലനം തുടങ്ങി.
ഒളിമ്പിക്സ് റദ്ദാക്കുമോ
പതിനൊന്നാംമണിക്കൂറിലും ഒളിമ്പിക്സ് നടക്കുമോയെന്ന ആശങ്ക ബാക്കി. ടോക്യോയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ അവസാനനിമിഷം ഒളിമ്പിക്സ് റദ്ദാക്കിയാലും അത്ഭുതം വേണ്ടെന്നതരത്തിലുള്ള സംഘാടകസമിതി തലവൻ തൊഷീറോ മുട്ടോയുടെ പ്രതികരണം അമ്പരപ്പിച്ചു. കോവിഡ് കൂടുന്നതിനാൽ ഒന്നും പ്രവചിക്കാനാകില്ല. സാഹചര്യങ്ങൾ വിലയിരുത്തിയാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റദ്ദാക്കൽ മുന്നിൽ ഇല്ലെന്നായിരുന്നു ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാകിന്റെ പ്രതികരണം.
‘ഒരുമിച്ച്’ മുന്നേറാം
കോവിഡ് കാലത്തെ ഒളിമ്പിക്സിന് ആവേശം പകരാൻ മുദ്രാവാക്യത്തിൽ ഭേദഗതി. വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്നതിനൊപ്പം ഒരുമിച്ച് എന്നുകൂടി കൂട്ടിച്ചേർക്കാൻ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചു.
ചരിത്രപരമായ തീരുമാനം ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാകാണ് പ്രഖ്യാപിച്ചത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട കാലമാണിതെന്ന് ബാക് പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും സാഹോദര്യവും പ്രധാനമാണ്. സ്പോർട്സിന് എല്ലാവരെയും ഒന്നിപ്പിക്കാനാകും. അതിനാലാണ് മുദ്രാവാക്യത്തിൽ ഒരുമയുടെ സന്ദേശംകൂടി ചേർത്തതെന്ന് അദ്ദേഹം പറഞ്ഞു.