ഐക്യരാഷ്ട്രകേന്ദ്രം
പെഗാസസ് ഫോൺ ചോര്ത്തൽ അങ്ങേയറ്റം ഭീതിദമായ സംഭവമാണെന്ന് യുഎൻ മനുഷ്യാവകാശ കമീഷൻ ഹൈകമീഷണര് ഡോ. മിഷേൽ ബാച്ച്ലെ. മനുഷ്യാവകാശം ലംഘിക്കുന്നതരത്തിലുള്ള ഇത്തരം നിരീക്ഷണ സാങ്കേതികവിദ്യകളുടെ ഉപയോഗം അടിയന്തരമായി സര്ക്കാരുകള് നിർത്തണം. ഇവയുടെ വിൽപ്പനയും കൈമാറ്റവും ഉപയോഗവും അടിയന്തരമായി നിയന്ത്രിക്കേണ്ടതുണ്ട്. സ്വകാര്യതാലംഘനത്തിനെതിരെ കര്ശന നടപടി സ്വീകരിക്കണം. മനുഷ്യാവകാശം അട്ടിമറിക്കാൻ നിരീക്ഷണ സാങ്കേതികവിദ്യകൾ ദുരുപയോഗിക്കപ്പെടുമെന്ന ആശങ്ക ശരിവയ്ക്കുന്നതാണ് ഫോൺ ചോര്ത്തൽ വെളിപ്പെടുത്തൽ.
ദുരുപയോഗം തടയാനും സുതാര്യത ഉറപ്പാക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും നിയമനിര്മാണം വേണമെന്നും ബാച്ച്ലെ പറഞ്ഞു. ചിലിയിൽ പിനോഷെയുടെ പട്ടാള സ്വേഛാധിപത്യ ഭരണത്തിൽ പീഡനങ്ങൾക്കിരയായ ഡോ. ബാച്ച്ലെ 2006ൽ ചിലിയുടെ ആദ്യ വനിതാ പ്രസിഡന്റായി. 2014ലും ഈ ഇടതുപക്ഷ നേതാവ് ചിലി പ്രസിഡന്റായി.