ബീജിങ്
അമേരിക്കയാണ് ലോകത്തിലെ സൈബര് ആക്രമണങ്ങളുടെ ഉറവിടമെന്ന് ചൈന. അമേരിക്കയുടെ പ്രേരണയിൽ നാറ്റോ രാജ്യങ്ങള് സൈബര് ഇടം പുതിയ യുദ്ധക്കളമായി മാറ്റി. ഇത് സൈബര് ആയുധ മത്സരത്തിനിടയാക്കുമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഷൗ ലിജിയന് പറഞ്ഞു. ചൈനയുടെ ബഹിരാകാശ, എണ്ണ, ഇന്റര്നെറ്റ് വ്യവസായങ്ങളെയും സര്ക്കാര് സ്ഥാപനങ്ങളെയും അമേരിക്ക ലക്ഷ്യമിട്ടു.
ചൈനക്കെതിരായ സൈബര് ചാരവൃത്തിയും ആക്രമണവും അവസാനിപ്പിക്കണം. മൈക്രോസോഫ്ട് എക്സ്ചേഞ്ച് ഇമെയിൽ സിസ്റ്റം ഹാക്ക് ചെയ്തെന്ന അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും ആരോപണം ചൈന നിഷേധിച്ചു. സൈബര് ആക്രമണം സംബന്ധിച്ച് ചൈനയ്ക്കെതിരെ വാസ്തവവിരുദ്ധവും അനാവശ്യവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കം അംഗീകരിക്കാനാകില്ല.
രഹസ്യങ്ങള് ചോര്ത്തിയെന്ന് നാല് ചൈനക്കാർക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയത് പിൻവലിക്കണം. സൈ ബര് ആക്രമണങ്ങളെ ചൈന പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വക്താവ് വ്യക്തമാക്കി.