മോക്സിക്കോ സിറ്റി
മെക്സിക്കന് പ്രസിഡന്റ് ആന്ദ്രെ മാനുവല് ലോപ്പസ് ഒബ്രാദോറിന്റെ ഫോണ് വിവരങ്ങളും പെഗാസസ് ചോര്ത്തി. 2018ലാണ് ഒബ്രാദോർ മെക്സിക്കോയുടെ പ്രസിഡന്റായി ചരിത്ര വിജയം നേടിയത്. മൂന്ന് പതിറ്റാണ്ടിനിടയില് മെക്സിക്കോയുടെ പ്രസിഡന്റാകുന്ന ആദ്യ ഇടതുപക്ഷ നേതാവാണ് അദ്ദേഹം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 2016 മുതല് അദ്ദേഹത്തിന്റെ ഫോണ്വിവരങ്ങള് ഇസ്രയേലി സൈബര് ഇന്റലിജന്സ് സ്ഥാപനമായ എന്എസ്ഒയുടെ പെഗാസസ് സോഫ്റ്റ്വെയർ ചോര്ത്തിയിരുന്നു എന്നാണ് മാധ്യമങ്ങളുടെ അനേഷണ റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. അദ്ദേഹം പ്രസിഡന്റാവുന്നത് തടയാൻ അന്നത്തെ സര്ക്കാരിന്റെ നിര്ദേശപ്രകാരമായിരുന്നു ചോര്ത്തല്. ഒബ്രാദോറിനെ കൂടാതെ ഭാര്യ, മക്കള്, സഹോദരങ്ങള് ഉള്പ്പെടെ അദ്ദേഹത്തിന് അടുത്ത ബന്ധമുള്ള അമ്പതോളം പേരുടെ വിവരങ്ങള് പെഗാസസ് ചോര്ത്തിയിരുന്നു.
ചോര്ത്തപ്പെട്ടതായി കണ്ടെത്തിയ അമ്പതിനായിരം ഫോണ് വിവരത്തില് ഏറ്റവുമധികം മെക്സിക്കോയില് (15,000) നിന്നുള്ളതാണ്.