ന്യൂഡൽഹി
പുതിയ മന്ത്രാലയം രൂപീകരിച്ച് സഹകരണ മേഖലയിൽ നേരിട്ട് ഇടപെടാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതിവിധി. സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ 2011ൽ യുപിഎ സർക്കാർ കൊണ്ടുവന്ന 97–-ാം ഭരണഘടനാ ഭേദഗതിയുടെ സുപ്രധാന വകുപ്പുകൾ റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവച്ചു. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സമർപ്പിച്ച അപ്പീൽ തള്ളിയാണ് മൂന്നംഗ ബെഞ്ച് സഹകരണം സംസ്ഥാന വിഷയമാണെന്ന് തീർപ്പ് കൽപ്പിച്ചത്.
ഭരണഘടനയുടെ 368(2) പ്രകാരം പകുതി സംസ്ഥാന നിയമസഭകളെങ്കിലും അംഗീകരിച്ചാലേ സംസ്ഥാന വിഷയമായ സഹകരണത്തിൽ ഇടപെടാൻ കൊണ്ടുവന്ന 97–-ാം ഭരണഘടനാ ഭേദഗതിക്ക് പ്രാബല്യമുണ്ടാകുകയുള്ളൂ. സംസ്ഥാനങ്ങളിൽനിന്ന് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഭേദഗതിക്ക് സാധുതയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സഹകരണം പൂർണമായും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന വിഷയമാണെന്നും സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്കാണ് പൂർണ അധികാരമെന്നും മൂന്നംഗബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ നരിമാനും ഭൂഷൺ ഗവായ്യും ചൂണ്ടിക്കാണിച്ചു. അതേസമയം, 97–-ാം ഭേദഗതിയിലെ സംസ്ഥാനാന്തര സഹകരണ സംഘങ്ങളുടെ കാര്യത്തിൽ സുപ്രീംകോടതി ബെഞ്ച് ഭിന്നനിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനാന്തര സഹകരണസംഘങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളും നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ പാർലമെന്റിന് അവകാശമുണ്ടെന്ന് നരിമാനും ഗവായ്യും വിധിച്ചു. ഇതിനോട് വിയോജിച്ച ജസ്റ്റിസ് കെ എം ജോസഫ് 97–-ാം ഭേദഗതി പൂർണമായും റദ്ദാക്കി ഭിന്നവിധി പുറപ്പെടുവിച്ചു. സഹകരണസംഘങ്ങൾ ഭരണസമിതി രൂപീകരിക്കൽ, ബോർഡ് ഘടന, ഡയറക്ടർമാരുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള വ്യവസ്ഥകളാണ് 97–-ാം ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ 9 ബി ഭാഗത്തിലുള്ളത്.