ന്യൂഡൽഹി
പെഗാസസ് ഫോൺ ചോർത്തലിൽ സമ്മേളനം തുടങ്ങി രണ്ടാംദിവസവും പാർലമെന്റിന്റെ ഇരുസഭയും പ്രക്ഷുബ്ധം. ലോക്സഭ പൂർണമായും സ്തംഭിച്ചപ്പോൾ രാജ്യസഭയിൽ പകൽ രണ്ടുവരെ നടപടികൾ തടസ്സപ്പെട്ടു. സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ചൊവ്വാഴ്ചയും ഇരുസഭയിലും പ്രതിഷേധം ഉയർത്തിയത്. ഫോൺ ചോർത്തൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നും പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. ഐടി–- ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പ്രസ്താവന നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
രാവിലെ ലോക്സഭ ചേർന്നതുമുതൽ പ്രതിപക്ഷമൊന്നടങ്കം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും തടസ്സപ്പെട്ടു. ഉച്ചയ്ക്കുശേഷം ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ ബക്രീദ് അവധിക്കുശേഷം വ്യാഴാഴ്ച ചേരാനായി സഭ പിരിഞ്ഞു. രാജ്യസഭയിലും രാവിലെ നടപടികൾ തടസ്സപ്പെട്ടു. സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം അടക്കമുള്ള നേതാക്കൾ പെഗാസസ് വിഷയത്തിൽ അടിയന്തര ചർച്ചയ്ക്ക് നോട്ടീസ് നൽകി. ഇത് നിരാകരിച്ചതോടെ പ്രതിഷേധം കനത്തു. രണ്ടുവരെ സഭ നിർത്തി. തുടർന്ന്, രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു കക്ഷിനേതാക്കളുടെ യോഗംവിളിച്ച് സമവായ ചർച്ച നടത്തി. കോവിഡ് വിഷയത്തിൽ അടിയന്തര ചർച്ചയാകാമെന്ന നിർദേശത്തോട് ഇരുപക്ഷവും യോജിച്ചതോടെ നടപടികളിലേക്ക് കടന്നു.
കോവിഡ് വിഷയത്തിൽ പാർലമെന്റ് അനക്സിൽ സർക്കാർ വിളിച്ചുചേർത്ത ഇരുസഭയിലെയും കക്ഷിനേതാക്കളുടെ യോഗം ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികൾ ബഹിഷ്കരിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി കോവിഡ് സാഹചര്യം വിശദീകരിക്കുമെന്നായിരുന്നു അറിയിപ്പ്. സഭ സമ്മേളിച്ചുകൊണ്ടിരിക്കെ പുറത്ത് ഇത്തരമൊരു യോഗം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരിച്ചത്.