കോഴിക്കോട്: മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ചാന്ദ്ര നിരീക്ഷണ പരിപാടിയായ മൂൺ വിത്ത് മൺസൂണിൽ പങ്കെടുക്കുന്ന കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുവാൻ വെബ്ബിനാർ നടത്തി. അമെച്ചർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരിയുമായി കുട്ടികൾ സംവദിച്ചു.
ചന്ദ്രനിൽ ഇതുവരെ മനുഷ്യൻ നടത്തിയ പര്യവേക്ഷണങ്ങളേക്കുറിച്ചും മനുഷ്യനും ചന്ദ്രനും പ്രകൃതിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനേപ്പറ്റിയും അദ്ദേഹം സംസാരിച്ചു. മഴക്കാലത്ത് ചന്ദ്രനെ നിരീക്ഷിക്കുകയെന്നത് ഒരു വെല്ലിവിളിയാണ്. മൊബൈലിലേയും കംപ്യൂട്ടറിലേയും ഡേറ്റാബേസിൽ നിന്നും വിവരങ്ങൾ ലഭിക്കുന്ന ഇക്കാലത്ത് സ്വന്തം നിഗമനങ്ങളിലൂടേയും നിരീക്ഷണങ്ങളിലൂടേയും നാം ഉണ്ടാക്കുക വേറിട്ട അറിവായിരിക്കും. -സുരേന്ദ്രൻ പുന്നശ്ശേരി കൂട്ടിച്ചേർത്തു.
മാതൃഭൂമി റീജിയണൽ മാനേജർ സി. മണികണ്ഠൻ സ്വാഗതവും ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഓഫീസർ ജോസ്മോൻ പി. ഡേവിഡ് അദ്ധ്യക്ഷപ്രസംഗവും പറഞ്ഞു. വെബ്ബിനാറിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്കൂളുകളിൽ നിന്നും 40ഓളം കുട്ടികൾ പങ്കെടുത്തു.
ചാന്ദ്രദിനത്തോടനുബന്ധിച്ച് യു.പി മുതൽ ഹൈസ്കൂൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലായ് 24 മുതൽ ഓഗസ്റ്റ് 22 വരെയാണ് നിരീക്ഷണം.
Content Highlights: Mathrubhumi SEED conducted webinar.