ടോക്യോ
ആശങ്ക ഉയർത്തി ടോക്യോയിലെ ഒളിമ്പിക് ഗ്രാമത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. മൂന്നാമത്തെ കായികതാരത്തിനും കോവിഡ് സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക് ബീച്ച് വോളിബോൾ താരം ഒൻഡ്രെയ് പെറുസിച്ചാണ് പോസിറ്റീവായത്. ബീച്ച് വോളി ആരംഭിക്കാൻ ഏഴുദിനം മാത്രം ശേഷിക്കെയാണ് സംഭവം. അമേരിക്കൻ വനിതാ ജിംനാസ്റ്റിക് താരത്തിനും രോഗം സ്ഥിരീകരിച്ചു. ടീം ഒളിമ്പിക് ഗ്രാമത്തിന് പുറത്താണ് താമസം.
കഴിഞ്ഞദിവസം രണ്ടു ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 21 പേരാണ് ഇവരുടെ സമ്പർക്കപട്ടികയിലുള്ളത്.
കഴിഞ്ഞദിവസം ടോക്യോയിൽ 727 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ 30 ദിവസമായി കേസുകളിൽ കുറവില്ല.