കൊളംബോ
ശ്രീലങ്കയിൽ പരമ്പര വിജയത്തിനരികെ ഇന്ത്യ. കൊളംബോയിൽ പകൽ മൂന്നിനാണ് രണ്ടാംഏകദിനം. മൂന്ന് മത്സര പരമ്പരയിലെ ആദ്യത്തേത് ഇന്ത്യ ഏഴ് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു. രണ്ടാംനിര ടീമുമായെത്തിയ ഇന്ത്യക്കുമുന്നിൽ നേരിയ വെല്ലുവിളിപോലും ഉയർത്താതെയാണ് ലങ്ക ആദ്യകളിയിൽ കീഴടങ്ങിയത്. ബാറ്റിലും പന്തിലും ഒരുപോലെ ശിഖർ ധവാന്റെ സംഘം തിളങ്ങി.
കൈക്കുഴ സ്പിന്നർമാരായ യുശ്വേന്ദ്ര ചഹാലും കുൽദീപ് യാദവും താളം കണ്ടെത്തിയതാണ് ഇന്ത്യയുടെ പ്രധാന നേട്ടം. മധ്യ ഓവറുകളിൽ ഇവർ മികവുകാട്ടി. ക്രുണാൾ പാണ്ഡ്യയുടെ പന്തുകൊണ്ടുള്ള പ്രകടനവും ശ്രദ്ധേയമായി. പത്തോവറിൽ 26 റൺ മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ക്രുണാൾ നേടിയത്. ബാറ്റിങ് നിരയിൽ സമ്പൂർണ ആധിപത്യമായിരുന്നു ഇന്ത്യക്ക്. 86 റണ്ണുമായി പുറത്താകാതെ നിന്ന ധവാൻ ക്യാപ്റ്റന്റെ ഇന്നിങ്സ് പുറത്തെടുത്തു. ഓപ്പണർ പൃഥ്വി ഷാ തകർപ്പൻ കളിയായിരുന്നു കാഴ്ചവച്ചത്. 24 പന്തിൽ 43 റണ്ണടിച്ച പൃഥ്വിയായിരുന്നു മാൻ ഓഫ് ദി മാച്ച്. ട്വന്റി–-20 ശൈലിയിലായിരുന്നു ഈ ഓപ്പണർ ബാറ്റ് വീശിയത്. ഒമ്പത് ഫോറുകൾ പായിച്ച് ആദ്യംതന്നെ ലങ്കൻ ബൗളർമാരുടെ മനോവീര്യം തകർത്തു.
അരങ്ങേറ്റ മത്സരത്തിൽ അരസെഞ്ചുറിയടിച്ച് വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ടീമിൽ സ്ഥാനമുറപ്പാക്കി. നേരിട്ട ആദ്യ പന്തിൽത്തന്നെ സിക്സറടിച്ച് തുടങ്ങിയ കിഷൻ ലങ്കൻ ബൗളർമാരെ തകർത്തുകളഞ്ഞു. മനീഷ് പാണ്ഡെ തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. സൂര്യകുമാർ യാദവും തിളങ്ങി. പേസർമാരിൽ ഭുവനേശ്വർ കുമാർ നിറംമങ്ങി. നവ്ദീപ് സെയ്നിയെ പരീക്ഷിക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡ് മുതിർന്നേക്കും. ലങ്കൻ നിരയിൽ എട്ടാമനായെത്തിയ ചാമിക കരുണരത്നെ മാത്രമാണ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. പേസർ ഇസുറു ഉദാനയ്ക്കുപകരം ലാഹിരു കുമാര കളിച്ചേക്കും.
ഇന്ത്യ–- പൃഥ്വി ഷാ, ധവാൻ, ഇഷാൻ കിഷൻ, മനീഷ് പാണ്ഡെ, സൂര്യകുമാർ, ഹാർദിക് പാണ്ഡ്യ, ക്രുണാൾ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, കുൽദീപ്, ചഹാൽ. ശ്രീലങ്ക–- അവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക, ഭാനുക രജപക്സ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ഷനക, വാഹിന്ദു ഹസരങ്ക, ചാമിക കരുണത്നെ, ദുശ്മന്ത ചമീര, ലക്ഷ സണ്ടക്കൻ, ലാഹിരു കുമാര.