കൊളംബോ: ആദ്യ ഏകദിനത്തിലെ ആധികാരിക ജയത്തിനു ശേഷം രണ്ടാം ജയത്തോടെ കപ്പുറപ്പിക്കാൻ ഇന്ത്യൻ ടീം ചൊവ്വാഴ്ച ഇറങ്ങും. ഇന്ത്യൻ യുവതാരങ്ങൾക്ക് അവരുടെ അസാധാരണ കഴിവുകൾ പുറത്തെടുക്കാനുള്ള മറ്റൊരു അവസരം കൂടിയാണ് നാളത്തെ മത്സരം.
ഞായറാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ ശിഖർ ധവാൻ പതിയെ കളിച്ചപ്പോൾ മറുവശത്ത് പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നീ യുവനിര ബാറ്റിങ് അനായാസകരമെന്ന് തോന്നിപ്പിക്കും വിധം തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച് മികച്ച കളിയാണ് പുറത്തെടുത്തത്. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു മൂവർ സംഘത്തിന്റെ വെടിക്കെട്ടു പ്രകടനം.
ആദ്യ ഏകദിനം കളിച്ച ഇഷാൻ കിഷനും സൂര്യകുമാർ യാദവും ആദ്യ പന്തു മുതൽ ലങ്കൻ ബോളർമാരെ കടന്നാക്രമിക്കുകയിരുന്നു. ഇവരുടെ മിന്നും പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 37-ാം ഓവറിൽ ആദ്യ ജയം സ്വന്തമാക്കി.
അവസാന ഇലവനിൽ ഇടം നേടാൻ കാത്ത് ധാരാളം യുവതാരങ്ങൾ നിൽക്കുന്നുണ്ടെങ്കിലും രണ്ടാം ഏകദിനത്തിൽ ടീമിൽ മാറ്റങ്ങൾ ഇല്ലാതെയിറങ്ങി കപ്പ് ഉറപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ ഇലവനിൽ തിളങ്ങാതെ പോയത് മനീഷ് പാണ്ഡെ മാത്രമായിരുന്നു. മറ്റു താരങ്ങൾ ഏറ്റവും നല്ല പ്രകടനം പുറത്തെടുത്തപ്പോൾ മനീഷിന് 40 പന്തിൽ നിന്നും 26 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
മടങ്ങി വരവിൽ പൃഥ്വി ഷായുടെ വെടിക്കെട്ടാണ് കൊളംബോ സ്റ്റേഡിയത്തിൽ കണ്ടത്. ഓഫ് സൈഡിൽ ഗംഭീര ഷോട്ടുകളുമായി കളംനിറഞ്ഞ ഷാ വലിയ സ്കോറിലേക്ക് എത്തുന്നതിനു മുന്നേ വീഴുകയായിരുന്നു. അടുത്ത മത്സരത്തിൽ ഫോം തുടരാൻ തന്നെയാകും പൃഥ്വി ഷായുടെ ശ്രമം.
ഏറെ നാളുകൾക്ക് ശേഷം കുൽദീപ് – ചഹൽ സ്പിൻ ദ്വയം തിളങ്ങിയ മത്സരമായിരുന്നു ആദ്യ ഏകദിനം. ഒരുമിച്ചു വന്നാൽ രണ്ടുപേരും എതിർ ടീമിന് വലിയ ഭീഷണിയാകും എന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനം. രണ്ടുപേരും ചേർന്ന് ശ്രീലങ്കൻ നിരയിലെ നാല് വിക്കറ്റുകളാണ് പിഴുതത്.
ബോളിങ്ങിൽ സീനിയർ താരം ബുവനേശ്വറിന് അത്ര നല്ല മത്സരമായിരുന്നില്ല ആദ്യ ഏകദിനം എന്നാൽ അടുത്ത മത്സരത്തിൽ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഓൾറൗണ്ടർമാരായ ഹർദിക് പാണ്ഡ്യയും കൃണാൽ പാണ്ഡ്യയും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പത്ത് ഓവറുകൾ എറിഞ്ഞ കൃണാൽ 26 റൺസ് മാത്രമാണ് വിട്ടു കൊടുത്തത്.
Also read: സ്കൂൾ ടീമിനെതിരെ യൂണിവേഴ്സിറ്റി ടീം: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തെക്കുറിച്ച് റമീസ് രാജ
ഇന്ത്യയെ തകർത്ത് പരമ്പര സമനിലയിലാക്കുക എന്നത് ശ്രീലങ്കക്ക് അത്ര എളുപ്പമാകില്ല. അതിനു അവർ കൂടുതൽ പരിശ്രമം നടത്തേണ്ടതുണ്ട്. എന്നാൽ ആദ്യ മത്സരം ജയിച്ചില്ലെങ്കിലും പൊരുതാനുള്ള വീര്യം ശ്രീലങ്ക പ്രകടിപ്പിച്ചിരുന്നു. നല്ല തുടക്കം മിക്ക ബാറ്റ്സ്മാൻമാർക്കും മുതലാക്കാൻ കഴിയാതെ പോയതാണ് ആദ്യ മത്സരത്തിലെ തോൽവിക്ക് കാരണമായത്.
ആദ്യ 40 ഓവർ വരെ വളരെ കുറവ് റൺറേറ്റ് ഉണ്ടായിരുന്ന ലങ്കയുടെ റൺറേറ്റ് മെച്ചപ്പെട്ടത് അവസാന പത്ത് ഓവറുകളിലാണ്. അവസാന പത്തോവറിൽ ആഞ്ഞടിച്ച ചമിക കരുണരത്നെയാണ് ലങ്കൻ സ്കോർ 250 കടത്തിയത്. 35 പന്തുകളിൽ നിന്ന് 43 റൺസാണ് താരം നേടിയത്.
ലങ്കയ്ക്ക് രണ്ടാം മത്സരം ജയിക്കണമെങ്കിൽ ബോളർമാരും ബാറ്റ്‌സ്മാന്മാരും തിളങ്ങണം. ബോളർമാർ കൂടുതൽ അവസരം ഉണ്ടാകുകയും ബാറ്റ്സ്മാൻമാർ വലിയ സ്‌കോറുകൾ നേടുകയും വേണം. 300നു മുകളിലുള്ള സ്കോർ നല്ല ഒരു പോരാട്ടത്തിന് വഴിയൊരുക്കും എന്നത് ഉറപ്പാണ്. വൈകുന്നേരത്തോടെ വേഗത കുറയുന്ന പിച്ചിൽ സ്കോർ പിന്തുടരാനാകും ഇരു ടീമുകളും ആഗ്രഹിക്കുക.
The post ശ്രീലങ്കൻ പര്യടനം: രണ്ടാം ഏകദിനം നാളെ; ജയത്തോടെ കപ്പ് ഉറപ്പിക്കാൻ ഇന്ത്യ, സമനില പിടിക്കാൻ ലങ്ക appeared first on Indian Express Malayalam.