ന്യൂഡല്ഹി > ജിഎസ്ടി കുടിശിക ഇനത്തില് 2020-21 സാമ്പത്തിക വര്ഷം 81179 കോടി സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കുമായി നല്കാനുണ്ടെന്ന് കേന്ദ്രസര്ക്കാര്. നടപ്പുസാമ്പത്തികവര്ഷം 55345 കോടി രൂപ കൂടി കൈമാറാനുണ്ടെന്നും കേന്ദ്രസര്ക്കാര് പാര്ലമെന്റില് അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കും 91,000 കോടി രൂപ അനുവദിച്ചുവെന്നും ഇതിലൂടെ കഴിഞ്ഞ സാമ്പത്തികവര്ഷത്തെ നഷ്ടപരിഹാരം ഭാഗികമായി കൈമാറിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.
നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര ഫണ്ട് അപര്യാപ്തമാണെന്നും സര്ക്കാര് അറിയിച്ചു. കോവിഡ് മൂലം നഷ്ടപരിഹാരം വകയില് സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കും കൂടുതല് തുക നല്കേണ്ട അവസ്ഥയാണെന്നും പങ്കജ് ചൗധരി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി പറയുകയായിരുന്നു കേന്ദ്രസര്ക്കാര്.
കഴിഞ്ഞദിവസം സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75000 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.